ചങ്ങനാശേരി: നെല്ല് സംഭരണത്തിനു കൈകാര്യ ചെലവായി ഇപ്പോള്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്ന 12 രൂപ 300 രൂപയായി വര്‍ധിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു. സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ച 2011 കാലയളവില്‍ നല്കിയ തുകയാണ് ഇപ്പോഴും നല്കി കൊണ്ടിരിക്കുന്നത്. ഇത് കര്ഷകവഞ്ചനയാണന്ന് യോഗം കുറ്റപ്പെടുത്തി.
കൈകാര്യച്ചെലവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനിശ്ചിതകാല റിലേ സത്യഗ്രഹം എപ്രില്‍15 മുതല്‍ പുളിങ്കുന്ന്, എടത്വാ, ചമ്പക്കുളം ഫൊറോനകളുടെ സഹകരണത്തോടെ രാമങ്കരിയില്‍ നടത്തുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
ഫൊറോനപ്രസിഡന്റ് സൈബി അക്കര അധ്യക്ഷത വഹിച്ചു. തോമസുകുട്ടി മണക്കുന്നേല്‍, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, ടോം കായിത്തറ, ബാബു വള്ളപ്പുര, ടോമിച്ചന് അയ്യരുകുളങ്ങര, ജോസി കല്ലുകളം എന്നിവര്‍ പ്രസംഗിച്ചു.
നെല്ല് സംഭരണം: കൈകാര്യച്ചെലവ് വര്‍ധിപ്പിക്കണം
12:46 AM Apr 02, 2023 | Deepika.com