പാലക്കാട് : മുണ്ടൂരിലെ പൊരിയാനിയിൽ തുടങ്ങാനിരിക്കുന്ന ടോൾ പ്ലാസ വഴിയാത്രക്കാരെ കൊള്ളയടിക്കാനുള്ള സർക്കാർ നീക്കത്തിന്റെ മികച്ച ഉദാഹരണമാണെന്ന് ആം ആദ്മി പാർട്ടി അഭിപ്രായപ്പെട്ടു.
അശാസ്ത്രീയമായ ടോൾ പ്ലാസ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പാലക്കാട് ജില്ലാ ഘടകം നടത്തിയ അവകാശ സംരക്ഷണ യാത്രയിലാണ് മുണ്ടൂരിലെ പൊരിയാനിയിൽ ആരംഭിക്കാനിരിക്കുന്ന ടോൾ പ്ലാസക്കെതിരെ പാർട്ടി ശക്തമായ എതിർപ്പറിയിച്ചത്.
യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാത്ത നിലവിൽ ഉണ്ടായിരുന്ന പഴയ റോഡിലാണ് ടോൾ പിരിവ് ഏർപ്പെടുത്തുന്നത്. ഇത് റോഡ് കരാർ ഏറ്റെടുത്ത സ്വകാര്യ കന്പനിയെയും ഒപ്പം രാഷ്ട്രീയ ബിനാമികൾക്കും വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ്. നാലുവരി പാത എന്ന മിനിമം സൗകര്യം പോലും ഒരുക്കാതെ വെറും രണ്ടുവരി പാതയിലുള്ള ടോൾ പിരിവ് നീക്കം സാമാന്യ ജനത്തോട് എന്തുമാവാം എന്നുള്ള ധിക്കാരമാണ്.
മണ്ണാർക്കാട് നിന്നും ആരംഭിച്ച അവകാശ സംരക്ഷണ യാത്രയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. എറണാകുളം, തൃശൂർ ജില്ലാ കണ്‍വീനർമാരായ സാജു പോൾ, ജസ്റ്റിൻ ജോസഫ് , രാഷ്ട്രീയകാര്യ സമിതി അംഗം ഷാജഹാൻ ഒക്കൽ, സണ്ണി ഫ്രാൻസിസ്, മുഹമ്മദ് ഷബീർ, നൗഷാദ് പട്ടാന്പി, വിനോദ് ലാൽ ആര്യച്ചാലിൽ, അനൂപ് മണ്ണാർക്കാട്, ദിവാകരൻ കെ. മലന്പുഴ , അബ്ദുൾ റഹ്മാൻ മനയത്ത് എന്നിവർ സംസാരിച്ചു.
ടോൾ പ്ലാസക്കെതിരെ അവകാശ സംരക്ഷണ ജാഥ
12:21 AM Apr 02, 2023 | Deepika.com