കിഴക്കമ്പലം: പൂതൃക്ക പഞ്ചായത്തിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് സൂക്ഷിച്ചിരുന്ന പഞ്ചായത്തു കെട്ടിടത്തിനു തീവച്ചയാൾ പിടിയിൽ. ഐക്കരനാട് സൗത്ത് പരിയാരം മീമ്പാറ കദളിപ്പറമ്പിൽ ശങ്കർ(44) നെയാണ് പുത്തൻകുരിശ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ് 24ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ഇയാളുടെ കുടുംബവീടിനു സമീപമാണ് പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന പഞ്ചായത്ത് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഇവിടെ പ്ലാസ്റ്റിക്ക് സൂക്ഷിച്ചതിലുള്ള വിരോധമാണ് തീവയ്ക്കാൻ കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മൂന്നുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഏഴ് കടമുറികളിലും മുറ്റത്തുമായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും, ഇത് പൊടിക്കാനുപയോഗിക്കുന്ന മെഷീനുകളും, കെട്ടിടത്തിന്റെ വയറിംഗുകളും തീവയ്പിൽ കത്തിനശിച്ചു. സംഭവത്തിനു ശേഷം പ്രതി വയനാട്ടിൽ ഒളിവിലായിരുന്നു.
ഡിവൈഎസ്പി ടി.ബി. വിജയൻ, സിഐ ടി. ദിലീഷ്, എസ്ഐ കെ.എസ്. ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്ലാസ്റ്റിക് സൂക്ഷിച്ച കെട്ടിടത്തിനു തീവച്ചയാൾ പിടിയിൽ
12:16 AM Apr 02, 2023 | Deepika.com