പള്ളുരുത്തി: തിങ്കളാഴ്ച്ച അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് രാജിവച്ചു. ട്വന്റി 20 കൂട്ടുകെട്ടിലെ പടലപ്പിണക്കത്തെത്തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കൈമാറിയത്.
പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് കുറച്ചുനാളുകളായി ട്വന്റി 20 അംഗങ്ങൾ തമ്മിൽ തർക്കം തുടങ്ങിയിരുന്നു. ഇതിനിടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ട്വന്റി 20 മെമ്പർമാരായ മൂന്നും നാലും വാർഡിലെ സിംലയും ആൻസി ട്രീസയും അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടു നൽകി. തിങ്കളാഴ്ച അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നതിനായി അംഗങ്ങൾക്ക് നോട്ടീസും നൽകിയിരുന്നു. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കുന്നത് ഒഴിവാക്കാനായി ചെല്ലാനത്തെ ട്വന്റി 20 നേതൃത്വം പ്രസിഡന്റിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രസിഡന്റ് രാജി സമർപ്പിച്ചതിനെത്തുടർന്ന് നിലവിൽ തർക്കം ഒഴിവായതിനാൽ അവിശ്വാസ പ്രമേയത്തെ നേരിടേണ്ട സാഹചര്യം ഒഴിവായിട്ടുണ്ട്. എന്നാൽ വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ചർച്ച നടക്കും. നിലവിൽ കോൺഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയിരിക്കുന്നത്.
എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് 2021ൽ യുഡിഎഫ് ട്വന്റി 20 കൂട്ടുകെട്ടിലാണ് എൽഡിഎഫിനെ താഴെയിറക്കി ഭരണം നേടിയത്. 21 അംഗങ്ങളുള്ള ചെല്ലാനം പഞ്ചായത്തിൽ എല്‍ഡിഎഫിന് 9 സീറ്റും, ട്വന്റി 20ക്ക് എട്ടും, യുഡിഎഫിന് നാലും സീറ്റുകളുമാണുള്ളത്
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
12:15 AM Apr 02, 2023 | Deepika.com