കൊച്ചി: മാല മോഷ്ടാക്കളായ പ്രതികളെ പിടികൂടുന്നതിനിടെ പോലീസുകാര്‍ക്ക് ബിയര്‍ കുപ്പികൊണ്ട് കുത്തേറ്റു. എറണാകുളം ഈസ്റ്റ് ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജികുമാര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നു കളയുന്നതിനിടെ പ്രതികളെ പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. കീഴ്പ്പെടുത്താന്‍ നടത്തിയ ശ്രമത്തിനിടെ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് രണ്ടു പോലീസുകാരുടെയും കൈകളില്‍ കുത്തുകയായിരുന്നു. ഈ സമയം കൂടുതല്‍ പോലീസുകാരെത്തിയാണ് പ്രതികളെ പിടികൂടിയത്. ഇവരെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
തമിഴ്നാട് ശിവഗംഗ ആലുംകുളം സ്വദേശി സായ് രാജ് (22), മണമധുര സ്വദേശി പോള്‍ കണ്ണന് (28) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. പാലാരിവട്ടം ചളിക്കവട്ടം ശാസ്ത്രി റോഡില്‍ മീന്‍ വില്പന നടത്തുകയായിരുന്ന അരൂര്‍ സ്വദേശിനിയുടെ കഴുത്തിലെ മാലയാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്. വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതികള്‍ നഗരത്തിലൂടെ ബൈക്കില്‍ പോകുന്നതു കണ്ടെത്താന്‍ കഴിഞ്ഞു. പാലാരിവട്ടം ബൈപാസ് മുതല്‍ വിവിധ ഇടങ്ങളില്‍ പോലീസുകാരെ നിയോഗിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തി.
ഇതിനിടെ പാലാരിവട്ടം പി.ജെ. ആന്റണി റോഡിലെത്തിയ പ്രതികളെ അവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന അരുള്‍, റെജി എന്നിവര്‍ പിടികൂടാന്‍ ശ്രമിച്ചു. ഇവര്‍ക്ക് പിടികൊടുക്കാതെ സമീപത്തെ കെട്ടിടത്തിലേക്ക് പ്രതികള്‍ ഓടിക്കയറിയതിനു പിന്നാലെ പോലീസുകാരും ഓടിക്കയറി. തുടര്‍ന്ന് ഇവരുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെയാണ് ബിയര്‍ കുപ്പി പൊട്ടിച്ച് കൈകളില്‍ കുത്തിയത്. പരിക്കേറ്റ പോലീസുകാരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാല മോഷ്ടാക്കളെ പിടികൂടുന്നതിനിടെ പോലീസുകാര്‍ക്ക് കുത്തേറ്റു
12:15 AM Apr 02, 2023 | Deepika.com