മൂവാറ്റുപുഴ: ജല അഥോറിറ്റിയിലെ അറ്റകുറ്റപ്പണി ചെയ്ത കരാറുകാർക്ക് അടിയന്തരമായി പണം അനുവദിക്കണമെന്ന് താലൂക്ക് സഭ ആവശ്യപ്പെട്ടു. കഴിഞ്ഞ 14 മാസമായി കരാറുകാർക്ക് പണം നൽകിയിട്ടില്ല. അറ്റകുറ്റപ്പണികൾ പൂർണമായി മുടങ്ങുന്ന സാഹചര്യമാണ് പല സ്ഥലങ്ങളിലുമുള്ളത്. ഗ്രാമങ്ങളിലും നഗരാതിർത്തിയിലും ചിലയിടങ്ങളിൽ പൈപ്പുകൾ പൊട്ടി കൂടിവെള്ളം പാഴായി പോവുകയാണ്. ഇതുമൂലം ആവശ്യത്തിന് കൂടിവെള്ളം ലഭിക്കാതെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ ദുരിതത്തിലാണന്നും ഇതിന് പരിഹാരമായി അറ്റകുറ്റപ്പണി കരാറുകാർക്ക് അടിയന്തരമായി പണം അനുവദിക്കണമെന്നും താലൂക്ക് സഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് എംഎൽഎ പറഞ്ഞു.
റേഷൻ കാർഡ് പ്രിന്റ്
ചെയ്യുന്നത് ശ്രദ്ധിക്കണം
ഓണ്‍ലൈൻ സെന്ററുകൾ വഴി പുതിയ റേഷൻ കാർഡുകളുടെ പ്രിന്റെടുക്കുന്പോൾ കാർഡുകളിൽ മാറ്റം വരുത്തുന്നതിനാലാണ് സപ്ലെകോ ഔട്ട് ലെറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന കാർഡുടമകൾക്ക് സ്കാനിംഗിൽ തടസമുണ്ടാകുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ യോഗത്തെ അറിയിച്ചു. പുതിയ കാർഡുകളുടെ പ്രിന്റെടുക്കുന്നവർ അക്ഷയ സെന്ററുകൾ വഴി അംഗീകൃത വലിപ്പത്തിൽ മാത്രം എടുക്കണമെന്ന് താലൂക്ക് സഭ നിർദേശം നൽകി. കാർഡിന്റെ വലിപ്പത്തിലുണ്ടാകുന്ന വ്യത്യാസം മൂലമാണ് കാർഡുകൾ ബാർകോഡ് റീഡ് ചെയ്യാതിരിക്കുന്നതെന്നും മറ്റ് കാർഡുകളിൽ കുഴപ്പമുണ്ടായിട്ടില്ലെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
സ്ഥലം തരംമാറ്റം;
കാലതാമസം ഒഴിവാക്കണം
സ്ഥലം തരംമാറ്റ അപേക്ഷകളിൽ കാലതാമസം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലൈഫ് മിഷൻ അടക്കമുള്ള വീട് അപേക്ഷകർക്ക് മുൻഗണന നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അപേക്ഷകളിൽ അതിവേഗ തീരുമാനമെടുക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 16710 ഓണ്‍ലൈൻ അപേക്ഷകളാണ് റവന്യൂ വകുപ്പിന് ലഭിച്ചത്. പൂർണമായ 4290 അപേക്ഷകളും തിർപ്പാക്കി. നേരിട്ട് ലഭിച്ച 13142 അപേക്ഷകളിൽ 13019 അപേക്ഷകളും തീർപ്പാക്കി. 123 അപേക്ഷകൾ മാത്രമാണ് നൽകാനുള്ളതെന്നും ആർഡിഒ പി.എൻ. അനി യോഗത്തെ അറിയിച്ചു. ലഭിക്കുന്ന അപേക്ഷകളിൽ രണ്ടാഴ്ചക്കകം തീരുമാനം എടുക്കുന്നുണ്ടെന്നും യോഗത്തിൽ ആർഡിഒ പറഞ്ഞു.
ലഹരി വിൽപ്പന;
എട്ട് കടകൾക്ക് നോട്ടീസ്
ലഹരി ഉത്പനങ്ങൾ വിൽപ്പന നടത്തിയ നഗരസഭയിലെ എട്ട് കടകൾക്ക് നിയമാനുസൃതം നോട്ടീസ് നൽകി. ഇവരിൽനിന്നു നഗരസഭ 15,000 രൂപ പിഴയീടാക്കിയതായി പരിശോധനക്ക് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ യോഗത്തെ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി. ബേബി (മാറാടി), തോമസ് തടത്തിൽ (പാന്പാക്കുട), ആർഡിഒ പി.എൻ. അനി, തഹസീൽദാർ കെ.എസ്. സതീശൻ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും താലൂക്ക് സഭ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
കരാറുകാർക്ക് അടിയന്തരമായി പണം അനുവദിക്കണം
12:12 AM Apr 02, 2023 | Deepika.com