മൂവാറ്റുപുഴ: പാറമട മണ്ണിട്ട് നികത്തുന്നതിന്റെ മറവിൽ ആശുപത്രി മാലിന്യമടക്കം തള്ളിയത് എഐവൈഎഫ് പ്രവർത്തകർ തടഞ്ഞു. പായിപ്ര പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വകാര്യ കോളജിന് സമീപം ജനവാസ കേന്ദ്രത്തിലുള്ള പാറമടയാണ് മണ്ണിട്ട് നികത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകുളത്തുനിന്നു ടോറസ് ലോറികളിൽ കൊണ്ടുവന്ന ഹോട്ടൽ, ആശുപത്രി മാലിന്യങ്ങൾ ഇവിടെ തള്ളിയത് എഐവൈഎഫ് പ്രവർത്തകർ തടയുകയായിരുന്നു.
കോളനിയുടെ സമീപമുള്ള പ്ലൈവുഡ് കന്പനിക്ക് എതിർവശത്തായുള്ള ഉപയോഗശൂന്യമായ പാറമട മണ്ണിട്ട് നികത്തുന്നതിന്റെ മറവിൽ മെഡിക്കൽ വേസ്റ്റുകളും ഹോട്ടൽ മാലിന്യങ്ങളും ടോറസ് ലോറികളിൽ കൊണ്ടുവന്ന് ജെസിബിക്ക് തള്ളി പാറമടയിലേക്ക് ഇടാനുള്ള ശ്രമമാണ് തടഞ്ഞത്. ഒരുമാസത്തോളം പഴക്കമുള്ള ഭക്ഷണ മാലിന്യങ്ങളുടെ ദുർഗന്ധം മൂലം പരിസരത്തേക്ക് അടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
നാളുകളായി ഉപയോഗശൂന്യമായി കിടക്കുന്ന പാറമട പരിസരത്തെ ജനങ്ങളുടെ സ്വകാര്യ ജീവിതത്തിന് ഭീഷണിയായതുകൊണ്ട് സ്ഥലമുടമ മണ്ണിട്ട് നികത്തവെയാണ് മെഡിക്കൽ മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളിയത്.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ചു പോലീസിനും പഞ്ചായത്ത് സെക്രട്ടറിക്കും റിപ്പോർട്ട് ഉടൻ നൽകുമെന്നും. പഞ്ചായത്ത് സെക്രട്ടറിക്കും പോലീസിനും ആർഡിഒയ്ക്കും പരാതി നൽകുമെന്ന് എഐവൈഎഫ് ഭാരവാഹികൾ അറിയിച്ചു.
ആശുപത്രി മാലിന്യം തള്ളിയത് തടഞ്ഞു
12:12 AM Apr 02, 2023 | Deepika.com