കോട്ടയം: കോട്ടയം നഗരസഭ മഴക്കാല പൂര്‍വ വലിച്ചെറിയല്‍ മുക്ത കാമ്പയിന്റെ നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. നഗരസഭയുടെ പഴയ പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയായിരുന്നു ഉദ്ഘാടനം. നഗരസഭാംഗം ജോസ് പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ ജയമോള്‍ ജോസഫ്, എന്‍.എന്‍. വിനോദ്, എം.എ. ഷാജി, സി.ജി. രഞ്ജിത്ത്, എം.പി. സന്തോഷ് കുമാര്‍, എന്‍. ജയചന്ദ്രന്, മര്‍ച്ചന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.കെ. ഖാദര്‍, ശുചിത്വമിഷന് കോഓർഡിനേറ്റര്‍ നിഷ എന്നിവര്‍ പങ്കെടുത്തു.
വിവിധ മേഖല ഓഫീസുകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
വൃത്തി -ഒരുമിക്കാം വൃത്തിയാക്കാം എന്ന കാമ്പയിനിന്റെ ഭാഗമായി ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം ഭവനങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശനവും നടത്തി ബോധവത്കരിക്കും. പ്രവര്‍ത്തനങ്ങള്‍ നഗരസഭയിലെ 52 വാര്‍ഡുകളിലും വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി നഗരസഭയുടെ പരിധിയില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ സേനയ്ക്കോ നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ഏജന്‍സിക്കോ നല്‍കേണ്ടതാണെന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കണ്ടെത്തിയാല്‍ പതിനായിരം രൂപ മുതല്‍ 50,000 രൂപ വരെയുള്ള പിഴ ചുമത്തുന്നതാണെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു.
മഴക്കാല പൂര്‍വ വലിച്ചെറിയല്‍ മുക്ത കാമ്പയിൻ
11:36 PM Apr 01, 2023 | Deepika.com