നെയ്യാറ്റിന്‍കര രൂപതയിലെ ഓശാന തിരുകര്‍മ്മങ്ങള്‍
11:16 PM Apr 01, 2023 | Deepika.com
നെയ്യാറ്റിന്‍കര : പീഡാസഹനത്തിന്റെ ഓര്‍മ്മ പുതുക്കി ഓശാന ഞായറോടെ വിശുദ്ധ വാരത്തിന് ഇന്ന് തുടക്കമാവും. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ ഏഴിന് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിക്കും. കുരിശടിയില്‍ നിന്ന് കുരുത്തോല ആശീര്വാദത്തെത്തുടര്ന്ന് ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലൂടെ ആലുമ്മൂട് ജംഗ്ഷന് വഴി പള്ളിയങ്കണത്തിലേക്ക് കുരുത്തോല പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി. ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ രാവിലെ ആറിന് ഇടവക വികാരി ഫാ. പയസ് ലോറന്‍സ് തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഇടവക വികാരി ഫാ.സജിതോമസ് രാവിലെ 7.15 ന് കുരുത്തോല പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും. വ്ളാത്താങ്കര സ്വര്‍ഗാരോപിതമാതാ ദേവാലയത്തിലെ ഓശാന തിരുകര്‍മ്മങ്ങളില്‍ മോണ്‍. വി.പി. ജോസ് മുഖ്യകാര്‍മികനാകും.തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദേവാലയത്തില്‍ ഇടവക വികാരി ഫാ. ജറാള്‍ഡ് മത്യാസും മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ ഫാ. ജോണ്‍ ബോസ്കോയും തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.വിശുദ്ധ വാരത്തോടനുബന്ധിച്ച് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന തൈല പരികര്മപൂജ തിങ്കളാഴ്ച വൈകുന്നേരം നാലിന് ബിഷപ് ഡോ. വിന്‍സന്റ് സാമുവലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുമെന്ന് രൂപതാ മീഡിയാ കമ്മീഷന് ഡയറക്ടര്‍ ഡോ. ജസ്റ്റിന് ഡൊമിനിക് അറിയിച്ചു.