നെടുങ്കണ്ടം: കേരള ഹൈക്കോടതിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വാര്‍ഡുതല ശുചിത്വ സ്ക്വാഡുകളുടെയും ജാഗ്രതാസമിതിയുടെയും യോഗങ്ങള്‍ ചേര്‍ന്നു.
ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ബേഡ്മെട്ടിലെ മാലിന്യസംസ്കരണ പ്ലാന്റ് വൃത്തിയാക്കുകയും അഗ്നിസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകള്‍ കണ്ടെത്തി നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ 10,000 മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കും. തുടര്‍ച്ചയായ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മൂന്നു മുതല്‍ ആറു മാസം വരെ തടവുശിക്ഷ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുകയും സ്ഥാപനത്തിന്റെ ലൈസന്‍സും കെട്ടിട നമ്പറും റദ്ദ് ചെയ്യാനും തീരുമാനിച്ചു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരുടെ ഫോട്ടോയോ വീഡിയോയോ സമര്‍പ്പിക്കുന്നവര്‍ക്ക് 2,500 രൂപ പാരിതോഷികം നല്‍കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കണം. അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ഹരിതകര്‍മ സേനയ്ക്ക് കൈമാറണം. ജലാശയങ്ങളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്, സെക്രട്ടറി എ.വി. അജികുമാര്‍ എന്നിവര്‍ അറിയിച്ചു.
നെടുങ്കണ്ടത്ത് മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
10:41 PM Apr 01, 2023 | Deepika.com