എരുമേലി: പഞ്ചായത്ത് ഓഫീസിൽ വനിത അസിസ്റ്റന്റ് എൻജിനയറെ ഓഫീസ് മുറിയിൽ കതക് അടച്ചു പൂട്ടിയെന്നും അപമാനിച്ചെന്നുമുള്ള കേസിൽ പഞ്ചായത്തംഗത്തിന് കോടതി ജാമ്യം അനുവദിച്ചു. എരുമേലി ടൗൺ വാർഡ് അംഗം നാസർ പനച്ചിക്കാണ് കോട്ടയം സെഷൻസ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിനുള്ള പ്രത്യേക കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് നാസർ പനച്ചിക്ക് കഴിഞ്ഞ 30 വരെ കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. അവിശ്വാസ പ്രമേയത്തിൽ തന്നെ പങ്കെടുപ്പിക്കാതിരിക്കാനും അതുവഴി പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുത്തി ഭരണം നിലനിർത്താൻ വേണ്ടി സിപിഎം ഇടപെട്ട് വനിത എൻജിനിയറെകൊണ്ട് കള്ളക്കേസ് നൽകിയതാണെന്ന് നാസർ പനച്ചി ആരോപിച്ചിരുന്നു.
ഇടക്കാല ജാമ്യം അവസാനിച്ച ശേഷം ഇന്നലെ നാസർ പനച്ചിയുടെ ജാമ്യ അപേക്ഷ വീണ്ടും പരിഗണിച്ച കോടതി ജാമ്യം അനുവദിച്ച് ഉത്തരവിടുകയായിരുന്നു. പഞ്ചായത്ത് വനിതാ അസിസ്റ്റന്റ് എൻജിനിയർ എം. നവമിയുടെ പരാതിയിൽ ഉദ്യോഗസ്ഥയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി മുറിക്കുള്ളിൽ പൂട്ടിയിട്ടു എന്നതിന് സ്റ്റേഷനിൽ ജാമ്യം ലഭിക്കാത്ത വകുപ്പിലാണ് പോലീസ് കേസെടുത്തിരുന്നത്.
ജാമ്യം അനുവദിച്ചു
10:37 PM Apr 01, 2023 | Deepika.com