മൂവാറ്റുപുഴ: കൊയ്ത്തുപാട്ടിന്റെ താളമേളത്തോടെ കടുവേലി പാടശേഖരത്തിൽ കൊയ്ത്തുത്സവം. കിസാൻ സഭയുടെ നേതൃത്വത്തിൽ മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയിൽ കടുവേലി പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മാറാടി പ്രാദേശിക സഭാ സെക്രട്ടറി സുധീപ് പാലമൂട്ടിൽ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 20 വർഷത്തിലധികമായി തരിശുകിടന്ന പാടശേഖരം സംസ്ഥാന സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിലാണ് കിസാൻ സഭയുടെ നേതൃത്വത്തിൽ ഉഴുതു പാകപ്പെടുത്തിയത്. കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പോൾ പൂമറ്റം, റെജി ഐസക്ക് മൂലംകുഴി, സുധീപ് പാലമൂട്ടിൽ, പ്രിൻസ് ആനിയ്ക്കാട് എന്നിവർ നേതൃത്വം നൽകി. പാടശേഖരത്തിലാകെ പ്ലാസ്റ്റിക് മാലിന്യമുൾപ്പടെ നിറഞ്ഞു കിടക്കുകയായിരുന്നു. നിരവധി പേരുടെ ആഴ്ചകകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പാടം കൃഷിയോഗ്യമായി. ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷിചെയ്തത്. നടീൽ യന്ത്രം ഉപയോഗിച്ച് ഞാറുനട്ടു. കൃഷിയ്ക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനായി താല്കാലികമായി ചിറയും കെട്ടി. എന്നാൽ ജനുവരി പകുതിയോടെ എംവിഐപി കനാൽ ഇടിഞ്ഞ് വെള്ളം ലഭിക്കാതെവന്നത് പ്രതിസന്ധിയായി. എങ്കിലും കൃഷിയെ സ്നേഹിച്ച ഇവർ എന്ത് നഷ്ടംവന്നാലും കൃഷി ഉപേക്ഷിയ്ക്കില്ലെന്ന് ഉറപ്പിച്ചതിന്റെ ഫലമായാണ് കടുവേലി പാടശേഖരം കൊയ്ത്തുത്സവത്തിന് ഒരുങ്ങിയത്.
കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ. ശിവൻ, ബാബു പോൾ, കെ.എ. നവാസ്, ജോളി പൊട്ടയ്ക്കൽ, പി.കെ. ബാബുരാജ്, വിൻസൻ ഇല്ലിയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
കടുവേലി പാടശേഖരത്തിൽ കൊയ്ത്തുത്സവം
12:24 AM Apr 01, 2023 | Deepika.com