മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഹെൽത്ത് മിഷൻ മൂവാറ്റുപുഴ നഗരസഭയ്ക്ക് അനുവദിച്ച കുര്യൻമല ആരോഗ്യ ഉപകേന്ദ്ര(ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ)ത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. നഗരസഭാ അധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയർപഴ്സണ്‍ സിനി ബിജു, ഉപസമിതി അധ്യക്ഷന്മാരായ പി.എ. അബ്ദുൾ സലാം, അബ്ദുൾ ഖാദർ, അജിമോൻ, പ്രമീള ഗിരീഷ് കുമാർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ, നഗരസഭാംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
കുര്യൻമലയിലും രണ്ടാറിലുമാണ് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നത്. രണ്ടാർ സെന്ററും ഉടൻ പ്രവർത്തനം ആരംഭിക്കും. ഇരു കേന്ദ്രങ്ങളുടെയും പ്രവർത്തനം ആരംഭിക്കുന്നതിനായി 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മരുന്നു വാങ്ങുന്നതിന് കേരള മെഡിക്കൽ സർവീസ് കോർപറേഷന് അഞ്ച് ലക്ഷവും, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് രണ്ടു ലക്ഷവും അനുവദിച്ചു. നഗരസഭാ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലാണ് പുതിയ ആരോഗ്യ കേന്ദ്രം ആരംഭിക്കുന്നത്. കുര്യൻമല വനിത വ്യവസായ കേന്ദ്രം ബിൽഡിംഗിലും, മണിയംകുളം കവലയിലെ നഗരസഭാ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലും സെന്റർ പ്രവർത്തിക്കും.
കുര്യൻമല ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ഇന്ന്
12:24 AM Apr 01, 2023 | Deepika.com