ചങ്ങനാശേരി: ചങ്ങനാശേരി അസംപ്ഷന്‍ കോളജിന്റെ പതിനേഴാമത് പ്രിന്‍സിപ്പലായി റവ.ഡോ.തോമസ് പാറത്തറയും വൈസ് പ്രിന്‍സിപ്പലായി ഡോ. റാണി മരിയ തോമസും ചുമതലയേറ്റു. കോളജ് രക്ഷാധികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനുവേണ്ടി കോളജ് മാനേജര്‍ മോണ്‍. ജയിംസ് പാലക്കലാണ് നിയമനപ്രഖ്യാപനം നടത്തിയത്.
അസംപ്ഷന്‍ കോളജ് സ്വതന്ത്രപദവി നേടിയതിനുശേഷം ആദ്യമായാണ് ഒരു വൈദികന് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിയമിതനാകുന്നത്. കോളജിന്റെ ആദ്യ അല്മായ പ്രിന്‍സിപ്പലായിരുന്ന ഡോ.അനിത ജോസ് വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. അതിരൂപതയിലെ വൈദികനായ റവ.ഡോ. തോമസ് പാറത്തറ 2010 മുതല്‍ അസംപ്ഷന്‍ കോളജില്‍ ചരിത്ര വിഭാഗത്തില്‍ അധ്യാപകനായി സേവനം ചെയ്യുകയാണ്. ചരിത്രം, സോഷ്യോളജി, സൈക്കോളജി, ഗാന്ധിസം, പബ്ലിക് അഡ്മിനിസ്ട്രേഷന്, എഡ്യൂക്കേഷന്‍, സോഷ്യല്‍ വര്‍ക്ക്, ബിസിനസ് അഡ്മിനിസ്ട്രേഷന് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ റവ.ഡോ. പാറത്തറ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും കള്‍ച്ചറല്‍ ഹിസ്റ്ററിയില്‍ ഗവേഷണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇദ്ദേഹം എംജി സര്‍വകലാശാലയിലെ റിസര്‍ച്ച് ഗൈഡുമാണ്.
2012 മുതല്‍ 21 വരെ കോളജ് ബര്‍സാറായി സേവനം ചെയ്ത റവ.ഡോ.തോമസ് പാറത്തറ 2018 മുതല്‍ വൈസ് പ്രിന്‍സിപ്പലായും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ കമ്യൂണിറ്റി കോളജിന്റെ ഡയറക്ടറായും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശേരി പറാല്‍ പാറത്തറ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകനായ ഫാ. തോമസ് നിലവില്‍ വെട്ടിത്തുരുത്ത് സെന്റ് ആന്റണീസ് ഇടവക വികാരിയുമാണ്.
ഡോ. റാണി മരിയ തോമസ് 1995 മുതല്‍ കോളജില്‍ ഇക്കണോമിക്സ് വിഭാഗം അധ്യാപികയാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എംഫില്‍ പൂര്‍ത്തിയാക്കിയ ഇവര്‍ ബോംബെ ഐഐടിയില്‍ ഇന്‍ഡസ്ട്രിയല്‍ ഇക്കണോമിക്സിലാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. കോളജിന്റെ ഐക്യുഎസിയുടെ കോ ഓര്‍ഡിനേറ്ററായിരുന്ന ഡോ.റാണി മരിയ എസ്ബി കോളജ് റിട്ട.അധ്യാപകന് പ്രഫ.തോമസ് കണയംപ്ലാക്കലിന്റെയും ഓമന തോമസിന്റെയും മകളും ചങ്ങനാശേരി ആഞ്ഞിലിപ്പറമ്പില്‍ ജിജോ കുര്യാക്കോസിന്റെ ഭാര്യുമാണ്. ആന്മേരി ജോസഫും 2021 മുതല്‍ വൈസ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചുവരുന്നു.
റവ.ഡോ. തോമസ് ജോസഫ് പാറത്തറ അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ഡോ. റാണി മരിയ തോമസ് വൈസ് പ്രിന്‍സിപ്പല്‍
11:26 PM Mar 31, 2023 | Deepika.com