എടത്വ: ദേശീയ അത്ലറ്റ് മീറ്റില്‍ ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടിയ ടിന്റു ദിലീപ് സ്വര്‍ണ മെഡലിലും മുത്തമിട്ട് അന്താരാഷ്ട്ര മത്സരത്തില്‍ ഇടം പിടിച്ചു. ഫെബ്രുവരി 10 മുതല്‍ 12 വരെ പശ്ചിമ ബംഗാളില്‍ ബംഗാള്‍ മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന് സംഘടിപ്പിച്ച ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ കേരളത്തിനുവേണ്ടി വനിതകളുടെ 35 പ്ലസ് വിഭാഗത്തില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. കഴിഞ്ഞ 30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കര്‍ണാടക മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷനും വെറ്ററന്‍സ് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച 42-ാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ വനിതകളുടെ 35 പ്ലസ് വിഭാഗത്തില്‍ കേരളത്തിനു വേണ്ടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡലും ഡിസ്കസ് ത്രോയില്‍ വെള്ളി മെഡലും ഷോട്പുട്ടില്‍ വെങ്കല മെഡലും നേടി ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി മത്സരിക്കാന്‍ അര്‍ഹത നേടി.
ഹൈസ്കൂള്‍ തലം മുതല്‍ കോഴിക്കോട് ജില്ലാ അമച്വര്‍ അത്ലറ്റിക് ടീം അംഗമായിരുന്നു. തയ്യല്‍ ജോലിക്കിടയില്‍ കിട്ടുന്ന കുറഞ്ഞ സമയത്തെ പരിശീലനം കൊണ്ടു മാത്രമാണ് വിജയത്തില്‍ എത്തിച്ചത്. 2020 മുതല്‍ കേരള ഫയര്‍ഫോഴ്സിലെ സന്നദ്ധ സേനയായ കേരള സിവില്‍ ഡിഫെന്‍സ് തകഴി നിലയം പോസ്റ്റ് വാര്‍ഡറാണ് ടിന്റു ദിലീപ്. ഭര്‍ത്താവ് ദിലീപ് വര്‍ഗീസ്.
സ്വര്ണമെഡലിലും മുത്തമിട്ട് ടിന്റു ദിലീപ്
11:12 PM Mar 31, 2023 | Deepika.com