അമ്പലപ്പുഴ: വിമാനത്താവളത്തിൽനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്കു പരിക്ക്. കാറോടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ പ്രസന്നകുമാറാ(50)ണ് മരിച്ചത്. ദേശീയപാതയിൽ പുറക്കാട് പുത്തൻനടയ്ക്കു സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ബന്ധു അടൂർ ഇളമ്പള്ളി സൗപർണികയിൽ നിഖിലിനെ (31) വിമാനത്താവളത്തിൽനിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാർ ലോറിക്കു പിന്നിലിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ നിഖിലിനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന പിതാവ് ബാബു(60)വിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിമുക്തഭടനായ പ്രസന്നകുമാർ പത്തനംതിട്ട എസ്ബിഐ ജീവനക്കാരനാണ്. ഭാര്യ: പി. സന്ധ്യ കോന്നി റിപ്പബ്ളിക്കൻ സ്കൂൾ അധ്യാപികയാണ്. മക്കൾ: ആതിര, അഭിമന്യു.
നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു
11:12 PM Mar 31, 2023 | Deepika.com