മാന്നാനം: വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച ആദ്യത്തെ മുദ്രണാലയം സ്ഥിതി ചെയ്യുന്ന മാന്നാനം കുന്നിൽനിന്നും എഫ്എം റേഡിയോയുടെ ശബ്ദവീചികൾ പ്രസരിച്ചുതുടങ്ങി. സിഎംഐ സഭയുടെ നേതൃത്വത്തിലുള്ള സർഗക്ഷേത്രയും മാന്നാനം ആശ്രമ ദേവാലയവും കൈകോർത്ത് ആരംഭം കുറിച്ച സർഗക്ഷേത്ര 89.6 എഫ്എം കമ്യൂണിറ്റി റേഡിയോ സ്റ്റേഷന്റെ പ്രവർത്തനത്തിന് തുടക്കമായി. കെഇ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ റേഡിയോ സ്റ്റേഷന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ മുഖ്യ പ്രഭാഷണവും സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം സിഎംഐ ആമുഖ പ്രസംഗവും നടത്തി.
വെബ് സൈറ്റിന്റെ സ്വിച്ചോൺ കർമം തോമസ് ചാഴികാടൻ എംപിയും സർഗ ക്ഷേത്ര നിർമിച്ചു നൽകിയ രണ്ട് ഭവനങ്ങളുടെ താക്കോൽദാനം എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസും ലോഗോ പ്രകാശനം കെഇ കോളജ് പ്രിൻസിപ്പൽ ഐസൺ വഞ്ചിപ്പുരയ്ക്കലിന് നൽകിക്കൊണ്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം ജോർജ് കുര്യനും സർഗക്ഷേത്രയുടെ നേതൃത്വത്തിൽ നടത്തുന്ന അഖിലകേരള നാടക മത്സരത്തിന്റെ ലോഗോ പ്രകാശനം ജോബ് മൈക്കിൾ എംഎൽഎയും നിർവഹിച്ചു. മൊബൈൽ ആപ്ലിക്കേഷൻ കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. റേഡിയോ ഇംഗ്ലീഷ് ജില്ലാ പഞ്ചായത്ത് മെംബർ ഡോ.റോസമ്മ സോണി പ്രകാശനം ചെയ്തു. മാന്നാനം ആശ്രമം പ്രിയോർ ഫാ.മാത്യൂസ് ചക്കാലയ്ക്കൽ, ചെത്തിപ്പുഴ ആശ്രമം പ്രിയോർ ഫാ. തോമസ് ചൂളപ്പറമ്പിൽ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, റേഡിയോ ക്രിയേറ്റീവ് ഡയറക്ടർ ഫാ. സിജോ ചേന്നാടൻ സിഎംഐ, കൗൺസിലർ ഫോർ എജ്യൂക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ ഫാ. സ്കറിയ എതിരേറ്റ് എന്നിവർ പ്രസംഗിച്ചു.
മാന്നാനത്ത് സർഗക്ഷേത്ര 89.6 എഫ്എം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു
10:51 PM Mar 31, 2023 | Deepika.com