പാലാ: വേനലവധിക്കാലത്തു കെഎസ്ആര്‍ടിസി നിരവധി വിനോദയാത്രകള്‍ അണിയിച്ചൊരുക്കുന്നു. കുടുംബത്തോടും കൂട്ടുകാര്‍ക്കുമൊപ്പം യാത്രകള്‍ അവിസ്മരണീയമാക്കാന്‍ നിരവധി പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. ഗവി വിനോദയാത്ര, മാമലക്കണ്ടം, മൂന്നാര്‍, ചതുരംഗപ്പാറ, മണ്റോതുരത്ത് യാത്രാ പാക്കേജുകളാണ് പ്രധാനം.
ഗവി യാത്രയില്‍ മൂഴിയാര്‍, കക്കി, ആനത്തോട്,പമ്പ, കുള്ളാര്‍ ജലാശയങ്ങളുടെ ഭംഗിയും ഗവി ബോട്ടിംഗുമുണ്ട്. മറ്റൊരു പ്രധാന ട്രിപ്പാണ് മനോഹര പാതയായ ഗ്യാപ് റോഡ്, ചതുരംഗപ്പാറ, ആനയിറങ്കല്‍ ഡാം, പൊന്മുടി വിനോദയാത്ര. ഗ്യാപ് റോഡിലെ മഞ്ഞില്‍ കുളിച്ച് ചതുരംഗപ്പാറ മലനിരകളിലെ കാറ്റാടിപ്പാടത്തിലൂടെ തമിഴ്നാട് കണ്ട് ആനയിറങ്കല്‍ ഡാമില്‍ ബോട്ടിലേറി സഞ്ചരിക്കാം.
മൂന്നാര്‍ ദ്വിദിന വിനോദയാത്രയാണ് സംഘടിപ്പിച്ചിട്ടുള്ളത്. മൂന്നാര്‍ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന്, മറയൂര്‍, പെരപുമല, കാന്തല്ലൂര്‍, ഫ്രൂട്ട്സ് ഗാര്ഡന് എന്നിങ്ങനെയാണ് പ്രധാന പോയിന്റുകള്‍.
പെരിയാര്‍ ബോട്ടിംഗ് ട്രിപ്പ് പ്രധാനപ്പെട്ട ഒന്നാണ്. മാമലക്കണ്ടം, മാങ്കുളം, ആനക്കുളം വഴി ലക്ഷ്മി എസ്റ്റേറ്റ് ജംഗിള്‍ സഫാരിയാണിത്. ബോട്ടിലും വള്ളത്തിലും സഞ്ചരിച്ച് കാഴ്ചകളും തീരദേശരുചികളും ആസ്വദിക്കാനായി മണ്‍റോതുരുത്ത് സഫാരിയും കെ എസ് ആര് ടിസി ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന് ഫോൺ: 8921 531 106, 04822 - 212250.
അവധിക്കാലം അടിച്ചു പൊളിക്കാം; സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി
10:45 PM Mar 31, 2023 | Deepika.com