കൊച്ചി: കൊച്ചി കോര്പറേഷന് മേയര്‍ എം. അനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം ഏപ്രില്‍ 10ന് ചര്‍ച്ച ചെയ്യും. ഒപ്പമുള്ളവരുടെ പിന്തുണ ഉറപ്പിച്ച് ഇടത് പാളയത്തിലെ മേയര്‍ വിരുദ്ധരെ അവിശ്വാസത്തിനൊപ്പം നിര്‍ത്താനുള്ള നീക്കത്തിലാണ് യുഡിഎഫ്. ബ്രഹ്മപുരം പ്രശ്നം മുതല്‍ ബജറ്റ് അവതരണം വരെ യുഡിഎഫിനൊപ്പം നിന്നും മേയര്‍ക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ത്ത ബിജെപിയാകട്ടെ അവിശ്വാസത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടുമില്ല. വ്യക്തമായ പിന്തുണ ഉറപ്പിച്ച ആത്മവിശ്വാസത്തില്‍ രാഷ്ട്രീയ കളികള്‍ കണ്ടാസ്വദിക്കുകയാണ് എല്‍ഡിഎഫും.
74 അംഗ കൗണ്‍സിലില്‍ ഭരണപക്ഷമായ എല്‍ഡിഎഫിന് 37 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ടായിട്ടും അഞ്ചു ബിജെപി അംഗങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫ് ഭരണം നേടിയത്. പ്രതിപക്ഷത്തും 37 പേരുണ്ടെങ്കിലും അഞ്ച് ബിജെപി അംഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ 32 പേരുമാത്രമാണ് യുഡിഎഫിനുള്ളത്. ഇതില്‍ രണ്ടുപേര്‍ ഏതു നിമിഷവും എല്‍ഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്ന നിലയിലുമാണ്. ബിജെപി അവിശ്വാസത്തെ പിന്തുണച്ചാല്‍ എല്‍ഡിഎഫില്‍ നിന്ന് ഒരംഗത്തിന്റെ കൂടി പിന്തുണ മതിയാകും അവിശ്വാസം പാസാക്കിയെടുക്കാന്‍.
ആര്‍എസ്പി സ്വതന്ത്രയായി മത്സരിച്ച സിനിത ഡിക്സണെതിരെ കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന അവിശ്വാസം തള്ളിപ്പോയത് സുനിത എല്‍ഡിഎഫിനൊപ്പം നിലകൊണ്ടതിനാലാണ്. വിപ്പ് ലംഘനത്തിന്റെ പേരില്‍ സുനിതയ്ക്കെതിരെ യുഡിഎഫ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി വിപ്പ് ലംഘിക്കുന്ന നിലയുണ്ടായാല്‍ അത് കേസിനെ ദോഷമായി ബന്ധിക്കും. ഇക്കാര്യം ബോധ്യപ്പെടുത്തി സുനിതയുടെ പിന്തുണ ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ച കലിസ്റ്റ പ്രകാശന്റെ മനസും എല്‍ഡിഎഫിനൊപ്പമാണെന്നാണ് സൂചന. തൃക്കണാര്‍വട്ടം കൗണ്‍സിലര്‍ കാജല്‍ സലിം നിലവില്‍ തമിഴ്നാട്ടിലാണെന്നതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഇവരെ പത്താം തീയതി കൗണ്‍സില്‍ ഹാളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് .
നിലവില്‍ കേവല ഭൂരിപക്ഷമില്ലെങ്കില്‍ പോലും സ്വന്തം പാളയത്തില്‍ നിന്നും ആരും കൊഴിഞ്ഞുപോകില്ലെന്ന ഉറച്ച വിശ്വാസമാണ് എല്‍ഡിഎഫിന്റെ കരുത്ത്. സിപിഎം നേതൃത്വം നല്കുന്ന ഇടത് മുന്നണിക്ക് 37 പേരുടെ പിന്തുണയുമുണ്ട്.
മേയര്‍ക്കെതിരേ അവിശ്വാസം ഏപ്രില്‍ 10ന്
12:14 AM Mar 31, 2023 | Deepika.com