തൊടുപുഴ: റീ ബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് കർഷകരെ അവരുടെ കൃഷിഭൂമിയിൽനിന്നു പ്രലോഭന തന്ത്രങ്ങളിലൂടെ പുറത്താക്കുന്ന വനംവകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉടുന്പന്നൂർ പഞ്ചായത്തിൽ നാളെ പ്രതിഷേധജാഥ നടത്തും.
15 ലക്ഷം രൂപ നൽകി കുടിയേറ്റ കർഷകരുടെ അഞ്ചു സെന്റ് മുതൽ അഞ്ച് ഏക്കർ വരെയുള്ള പട്ടയമുള്ള കൃഷിഭൂമി ഡിഎഫ്ഒമാരുടെ പേരിൽ തീറാധാരം ചെയ്തു വാങ്ങുന്ന നടപടിയാണ് ഇപ്പോൾ നടന്നുവരുന്നത്.
നിസഹായരായ കൃഷിക്കാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഭൂമി വനംവകുപ്പ് കൈവശപ്പെടുത്തുന്നത്. ഇത്തരത്തിൽ ആധാരം ചെയ്തു വാങ്ങുന്ന ഭൂമി വനഭൂമിയായി പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്.
ഉടുന്പന്നൂർ പഞ്ചായത്തിലെ കൈതപ്പാറ, കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി, മാങ്കുളം, മറയൂർ, കാന്തല്ലൂർ തുടങ്ങിയ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള ഭുമികച്ചവടം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഇതിൽ പ്രതിഷേധിച്ച് നാളെ 1.30ന് പെരിങ്ങാശേരിയിൽനിന്നു ആരംഭിക്കുന്ന ജാഥ വൈകുന്നേരം ആറിന് ഉടുന്പന്നൂരിൽ സമാപിക്കും. പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി. ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ജാഥയിൽ അഡ്വ. റോയി വാരികാട്ട്, എം.ജെ. ജോണ്സണ്, അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, കെ.കെ. ഷംസുദീൻ, സി.ടി. ഫ്രാൻസീസ്, ജോസ് നെല്ലിക്കുന്നേൽ, ലിയോ കുന്നപ്പിള്ളി, ബെന്നി എടാട്ട് തുടങ്ങിയവർ അംഗങ്ങളാണ്.
വനംവകുപ്പ് ഭീഷണിക്കെതിരേ പ്രതിഷേധം നാളെ
10:25 PM Mar 30, 2023 | Deepika.com