പാലാ: വലവൂര്‍ റൂട്ടില്‍ മുണ്ടുപാലത്തു റോഡിലും സമീപപ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടിനു വഴിയൊരുക്കും വിധം പാലാ മുനിസിപ്പാലിറ്റി റോഡിന്റെ ഉയരംകൂട്ടി നിർമാണം നടത്തുന്നതായി പരാതി.
മുണ്ടുപാലത്ത് പാടത്തോടു ചേര്‍ന്നുള്ള കൈത്തോട്ടിലേക്ക് ഒഴുകേണ്ട വെള്ളമാണ് റോഡ് ഉയര്‍ത്തുന്നതോടെ വെള്ളക്കെട്ടായി മാറാന്‍ പോകുന്നത്. ഇവിടെ വെള്ളമൊഴുക്ക് തടസപ്പെടുത്താത്ത വിധം സൗകര്യങ്ങള്‍ ഒരുക്കി റോഡ് ഉയര്‍ത്തണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് നിലനില്‍ക്കെയാണ് അശാസ്ത്രീയമായി റോഡ് ഉയര്‍ത്തിയിരിക്കുന്നത്.
വെള്ളം ഒഴുക്കാൻ
ഉത്തരവില്ല!
വെള്ളം എങ്ങോട്ട് ഒഴുക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്ന പരിഹാസമാണ് ഇതു സംബന്ധിച്ച പരാതി നല്കിയ വ്യക്തിക്കു മുനിസിപ്പാലിറ്റിയില്‍നിന്നു നല്കിയ മറുപടിയിലുള്ളത്. ഈ രീതിയില്‍ റോഡ് നിര്‍മിച്ചാല്‍ വെള്ളമൊഴുക്ക് തടസപ്പെടുമെന്നു വില്ലേജ് ഓഫീസറും രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മഴക്കാലത്തു വലവൂര്‍ റൂട്ടില്‍ ആദ്യം വെള്ളം കയറുന്നത് ഈ പ്രദേശത്താണ്. അശാസ്ത്രീയമായി റോഡ് ഉയര്‍ത്തിയതോടെ കൂടുതല്‍ പ്രദേശം വെള്ളത്തിലാകും. റോഡിനടിയിലൂടെ വെള്ളമൊഴുകാന്‍ ഒരു പൈപ്പ് സ്ഥാപിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകും. എന്നാല്‍, റോഡ് നിര്‍മിക്കുന്ന ഘട്ടത്തില്‍ ഇത് ഒഴിവാക്കി മറ്റൊരു പ്രവൃത്തിയാക്കി മാറ്റി ലാഭം കൊയ്യാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്നും ആരോപണമുണ്ട്.
ആര്‍ഡിഒയുടെ ഉത്തരവ് കാറ്റില്‍പ്പറത്തി തോന്നുംപടി റോഡ് നിർമാണം
10:17 PM Mar 30, 2023 | Deepika.com