മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളി നഗരത്തിലെ ബേക്കറിയിൽ കയറി ഉടമയെ സോഡാക്കുപ്പിക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ കച്ചേരിത്താഴത്താണ് സംഭവം. എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിലും ഇതിനടുത്തുള്ള ബേക്കറിയിലുമാണ് ഇയാൾ അഴിഞ്ഞാടിയത്. തലക്ക് മുറിവേറ്റ കടയുടമ ഒഴക്കനാട്ട് റോബിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അക്രമിയെ നാട്ടുകാർ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. കടയുടെ മുന്നിലുണ്ടായിരുന്ന സോഡാക്കുപ്പി എടുത്തുകൊണ്ട് പോകാൻ തുടങ്ങിയത് തടഞ്ഞതോടെയാണ് ഇയാൾ റോബിക്കെതിരെ തിരിഞ്ഞത്. എടുത്ത കുപ്പികൊണ്ട് തലക്കടിച്ച ഇയാൾ കമ്പിയും എടുത്തുകൊണ്ടുവന്ന് അക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെ ബസ് കാത്തുനിന്നവർക്കെതിരെയും അക്രമത്തിനു മുതിർന്നു. ഇവരുടെയടുത്തേക്ക് പാഞ്ഞടുത്ത് കളിയാക്കാനും അടിക്കാനും തുടങ്ങിയതോടെ നാട്ടുകാർ കൂടി.
അക്രമം തുടരുമെന്ന് വന്നതോടെ ചുറ്റുംകൂടിയവർ ഇയാളെ വീഴ്ത്തി. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നിട്ടും കൂസലില്ലാതെ അക്രമിക്കാനൊരുങ്ങി നിൽക്കുകയായിരുന്ന പ്രതിയെ പോലീസ് ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. റോബിയുടെ പരിക്ക് ഗുരുതരമല്ല.
പ്രതിയുടെ പേരും വിലാസവും കണ്ടെത്താനായി താമസ സ്ഥലത്തെത്തി തിരിച്ചറിയൽ രേഖകൾ ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ലഹരി കടത്തുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ബേക്കറി ഉടമയെ അന്യസംസ്ഥാന തൊഴിലാളി സോഡാക്കുപ്പിക്ക് അടിച്ചു
12:42 AM Mar 30, 2023 | Deepika.com