കാസര്‍ഗോഡ്: പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കും പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും ഇ-മെയില്‍ സംവിധാനത്തിലൂടെ രസീത് ലഭ്യമാക്കാന്‍ നിര്‍ദേശം. ഇതിനുള്ള ക്രമീകരണം ഇ-ഓഫീസ് സംവിധാനത്തില്‍ നേരത്തേ ലഭ്യമാണെന്ന് വിവരസാങ്കേതികവിദ്യ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍കര്‍ വിവിധ വകുപ്പു മേധാവികള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഓഫീസുകളില്‍ ലഭിക്കുന്ന നിവേദനങ്ങള്‍ ഇ-ഓഫീസ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റസീറ്റ് ക്രിയേഷന് എന്ന മൊഡ്യൂളില്‍ അപേക്ഷകനെ സംബന്ധിച്ച വിവരങ്ങളും അപേക്ഷകന്റെ ഇ-മെയില്‍ ഐഡിയും രേഖപ്പെടുത്തി പേഴ്സണലൈസ് അക്നോളജ്മെന്റ് എന്നു ക്ലിക്ക് ചെയ്താല്‍ അപേക്ഷന്റെ ഇ-മെയിലില്‍ രസീത് ലഭിക്കും. ഈ രസീതില്‍ രേഖപ്പെടുത്തിയ നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന് തന്റെ നിവേദനത്തിന്റെ തല്‍സ്ഥിതി വിവരങ്ങള്‍ ഇടയ്ക്കിടെ ഓണ്‍ലൈനായി പരിശോധിക്കാനും സാധിക്കും. ഈ നിര്‍ദേശം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പാലിക്കപ്പെടുന്നുണ്ടെന്ന് അതതു വകുപ്പുമേധാവികള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിവരാവകാശ പ്രവര്‍ത്തകനായ ചെറുവത്തൂര്‍ തിമിരി സ്വദേശി എം.വി. ശില്പരാജ് പൊതുഭരണ വകുപ്പിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ നല്കുന്ന അപേക്ഷകള്‍ക്ക് ഇ-മെയില്‍ വഴിയും രസീത് നല്‍കും
01:05 AM Mar 29, 2023 | Deepika.com