കാലടി: മലയാറ്റൂർ തീർഥാടനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മലയാറ്റൂർ ബൈബിൾ കൺവൻഷന് ഭക്തിനിർഭരമായ തുടക്കം. സെന്റ് തോമസ് പള്ളിയങ്കണത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ആരംഭിച്ച കൺവൻഷൻ എറണാകുളം-അങ്കമാലി അതിരൂപതാ ചാൻസലർ ഫാ. മാർട്ടിൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു.
കൺവൻഷൻ ആരംഭിക്കുന്നതിന് ഒരുക്കമായി ബൈബിൾ പ്രതിഷ്ഠയും ദീപം തെളിക്കലും നടന്നു. ബൈബിൾ പ്രതിഷ്ഠയിൽ 20 അൾത്താര സംഘം കുട്ടികളും 20 ആദ്യകുർബാന സ്വീകരിച്ച കുട്ടികളും പ്രത്യേക വസ്ത്രങ്ങൾ അണിഞ്ഞ് ബൈബിൾ കരങ്ങളിലേന്തി അണിനിരന്നു. അവരോടൊപ്പം ഈ വർഷം വിവാഹത്തിന്റെ 40 വർഷം തികയുന്ന ദമ്പതികളും ചേർന്നു.
ഫാ. മാത്യു പെരുമായൻ, ഫാ. ടോബിൻ ഇലഞ്ഞിക്കൽ, ഫാ. ജോൺസൺ വല്ലൂരാൻ, ഫാ.ഷെറിൻ പുത്തൻപുരയ്ക്കൽ, ഫാ. മാർട്ടിൻ കച്ചിറക്കൽ, ഫാ. ജെയിംസ് കക്കുഴി, ഫാ. വർഗീസ് മണവാളൻ എന്നിവർ പങ്കുചേർന്നു. കൺവൻഷന്റെ ആദ്യ പ്രഭാഷണം ഫാ. ജെയിംസ് കക്കുഴി നടത്തി. മലയാറ്റൂർ ഗായക സംഘം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഏപ്രിൽ ഒന്നു വരെയാണ് കൺവൻഷൻ. ദിവസവും വൈകിട്ട് 5.30ന് കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവയുണ്ടാകും. ഇനിയുള്ള ദിവസങ്ങളിൽ സിസ്റ്റർ എൽസി മാത്യു, ജോൺ ആന്റണി, ഫാ. ഷാജി തുമ്പേച്ചിറയിൽ, അലക്സാണ്ടർ ജേക്കബ് എന്നിവർ വചന പ്രഘോഷണത്തിന് നേതൃത്വം നൽകും. ആത്മാഭിഷേകവും സൗഖ്യദായകവുമായ ആരാധന, പ്രാർഥനാ ശുശ്രൂഷകൾ ഉണ്ടാകും.
സമാപന ദിനത്തിൽ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ മുഖ്യാതിഥിയാകും. രാത്രി ഒൻപതിന് കൺവൻഷൻ സമാപിക്കുമ്പോൾ നീലീശ്വരം, സെബിയൂർ, വിമലഗിരി, ഇല്ലിത്തോട് പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടാകും.
മലയാറ്റൂർ ബൈബിൾ കൺവൻഷന് തുടക്കം
12:35 AM Mar 29, 2023 | Deepika.com