കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സമാന്തരപാതകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പി. രാജീവ്. ചുറ്റുമതില്‍ നിര്‍മാണം സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കാമ്പസ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ പയ്യമ്പിള്ളി ജംഗ്ഷനിലെ സെക്യൂരിറ്റി ഗേറ്റില്‍ ഗതാഗതം ബാരിക്കേഡുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കും. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവ കാമ്പസിനകത്ത് കൂടി നിയന്ത്രണവിധേയമായി കടത്തിവിടും. കാമ്പസിന് അകത്ത് കൂടി ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന് പരിഹാരമായി സമാന്തരപാതകളിലൂടെ എല്ലാത്തരം വാഹനങ്ങള്‍ക്കും ഗതാഗതം സാധ്യമാകും.
യൂണിവേഴ്സിറ്റിയുടെ കിഴക്കുഭാഗത്തു നിന്നും സൗത്ത് കളമശേരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ കേസരി വായനശാല ജംഗ്ഷനില്‍ നിന്നും മണ്ണോപ്പിള്ളി വഴി പയ്യപ്പള്ളി ജംഗ്ഷനില്‍ എത്തി കളമശേരിയിലേക്ക് പോകണമെന്നും യോഗത്തില്‍ തീരുമാനിച്ചു. സമാന്തര പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കു ന്നതിന് മൂന്നംഗ സംഘത്തെ യോഗത്തില്‍ ചുമതലപ്പെടുത്തി.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കുസാറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. വി. മീര, കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്, കളമശേരി നഗരസഭ കൗണ്‍സിലര്‍ ജമാല്‍ മണക്കാടന്, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ കെ.എം. ജോയ്, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാന്പസിനകത്ത് ഗതാഗതം നിയന്ത്രിക്കും
12:33 AM Mar 29, 2023 | Deepika.com