കറുകച്ചാൽ: നാളുകളായി ജലവിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് നിരവധി തവണ പരാതിപ്പെട്ടിട്ടും നന്നാക്കാമെന്ന് പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറിയതിനെത്തുടർന്ന് പൊതുടാപ്പും പൈപ്പും ഒടുവിൽ നാട്ടുകാർ നന്നാക്കി.
പനയമ്പാല റോഡരികിലെ പൊതുടാപ്പിന്റെ പിൻഭാഗത്തെ പൈപ്പ് കാലപ്പഴക്കത്താൽ തകർന്നതോടെ നാളുകളായി വിതരണ സമയത്ത് വെള്ളം ശക്തമായി റോഡിലൂടെ ഒഴുകി പാഴായിരുന്നു. ഇതോടെ നാട്ടുകാർ വിവരം ജലവിതരണ വകുപ്പ് അധികൃതരെ അറിയിച്ചു. പൈപ്പ് നന്നാക്കുകയോ, പ്രധാന വിതരണക്കുഴൽ അടയ്ക്കുകയോ ചെയ്തില്ല. വെള്ളമെത്തുമ്പോൾ പൊട്ടിയ പൈപ്പിലൂടെ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായിരുന്നത്.
ഇതേത്തുടർന്ന് ഇന്നലെ രാവിലെ പ്രദേശവാസികളായ തെക്കേക്കര ജോമോൻ, മുതുമരത്തിൽ ജെറിൻ എന്നിവർ ചേർന്ന് പൈപ്പിന്റെ തകരാർ പൂർണമായി പരിഹരിച്ചു. മേഖലയിൽ നിരവധി ഭാഗങ്ങളിലാണ് ഇത്തരത്തിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നത്. വിവരമറിയിച്ചാൽ ജലവിതരണ വകുപ്പ് നന്നാക്കാമെന്ന് പറയുമെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് അറ്റകുറ്റപണികൾ നടത്താറെന്ന് നാട്ടുകാർ പറയുന്നു.
ജലവിതരണ വകുപ്പ് കൈകഴുകി; പൊട്ടിയ പൈപ്പ് നാട്ടുകാർ നന്നാക്കി
12:22 AM Mar 29, 2023 | Deepika.com