നെടുമങ്ങാട്: ചീരാണിക്കര, അരശുംമൂട്, മഞ്ഞപ്പാറ, ഒറ്റക്കൊമ്പ്, കൊടിതൂക്കി പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണുന്നതിനായി നിർമിച്ച കൈതക്കാട് - കൊടിതൂക്കി കുടിവെള്ള പദ്ധതി മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളുടെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെയും പരിധിയിലുള്ള കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് 221 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. തേക്കട - ചീരാണിക്കര റോഡ് നവീകരണത്തിനു മൂന്നുകോടി രൂപയും ചിറത്തലയ്ക്കൽ - മദപുരം റോഡിനു രണ്ടു കോടി രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ഒരു കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. കൊടിതൂക്കിയിൽ നിർമിച്ച 40,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽനിന്നും ആറര കിലോമീറ്റർ നീളത്തിൽ വിതരണ കുഴലുകൾ സ്ഥാപിച്ച് 115 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്. ഇതോടെ വെമ്പായം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന പ്രദേശത്തേക്കാണ് കുടിവെള്ളമെത്തിയിരിക്കുന്നത്. വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ അധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർ ജി. അംബിക, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കൈതക്കാട് - കൊടിതൂക്കി കുടിവെള്ള പദ്ധതി ഉദ്ഘാടനം
12:18 AM Mar 29, 2023 | Deepika.com