വൈക്കം: 2022-23 വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തീകരിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത്. ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയ പദ്ധതികളും ജില്ലാ അപ്പലേറ്റ് കമ്മിറ്റിയും സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയും അംഗീകാരം നൽകിയ നൂതന പദ്ധതികളും ഉൾപ്പെടെ മുഴുവൻ പദ്ധതികളും പൂർത്തീകരിച്ചു.
പദ്ധതി വിഹിതം ചെലവഴിച്ച കാര്യത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനത്തും സംസ്ഥാനതലത്തിൽ മുമ്പിലുമാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത്.
അങ്കണവാടി കുട്ടികൾക്കുവേണ്ടി നിർമലം, സ്കൂൾ കുട്ടികൾക്കുവേണ്ടി അക്ഷരജ്വാല, ജൂണിയർ അത്ലറ്റ്, പെൺകുട്ടികൾക്ക് വർണം, വായോജനങ്ങൾക്ക് കരുതൽ, പട്ടികജാതി വിഭാഗം യുവതികൾക്കായി ലക്ഷ്യ, പട്ടിക വർഗ വിഭാഗം സ്ത്രീകൾക്കായി അപ്പാരൽ പാർക്ക്, ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം, ഡയാലിസിസ് രോഗികൾക്ക് സാന്ത്വനം, സമ്പൂർണ പച്ചക്കറി കൃഷിക്കായി നിറവ്, ലൈഫ് ഭവന പദ്ധതിയിൽ സ്ഥലം വാങ്ങി നൽകിയത്, ആർആർഎഫ്, അതിദരിദ്രർക്കു സഹായം, മൂല്യ വർധിത ഉത്പന്നത്തിന് ഡ്രെയർ, ക്ഷീരകർഷകർക്ക് പാൽ ഇൻസെന്റീവ്, പാടശേഖരങ്ങൾക്ക് പമ്പ് ഹൗസ്, പെട്ടി-പറ, വനിതകൾക്ക് ഡോക്യുമെന്റേഷൻ സെന്റർ, കാറ്ററിംഗ് യൂണിറ്റ്, സ്കൂളുകൾക്ക് ശുചിമുറികൾ, കോളനികളിൽ സോളാർ ലൈറ്റ്, വയോപാർക്ക് ഉൾപ്പെടെ 107 പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പരിശ്രമിച്ച എല്ലാ ഭരണസമിതി അംഗങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും ബ്ലോക്ക് ഓഫീസിലെയും ഗ്രാമ പഞ്ചായത്തുകളിലെയും ജീവനക്കാരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അഭിനന്ദിച്ചു.
പദ്ധതി നിർവഹണം: ജില്ലയിൽ ഒന്നാമത് വൈക്കം ബ്ലോക്ക് പഞ്ചായത്ത്
11:44 PM Mar 28, 2023 | Deepika.com