തൊടുപുഴ: കടുത്ത വേനലിൽ ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് സർക്കാർ കുപ്പിവെള്ളമായ ഹില്ലി അക്വാ. വിലക്കുറവും പൂർണമായും ശുദ്ധീകരിക്കപ്പെട്ടതുമായ കുടിവെള്ളം ലഭിക്കുമെന്നതിനാൽ ഹില്ലി അക്വാ കുപ്പിവെള്ളത്തിന് ആവശ്യക്കാർ ഏറെയാണ്.
തൊടുപുഴ-മൂലമറ്റം റോഡിൽ മലങ്കരയിൽ പ്രവർത്തിക്കുന്ന ഹില്ലി അക്വാ ഫാക്ടറിയിൽ ദിനംപ്രതി ഉത്പാദിപ്പിക്കുന്നത് 40,000 ഓളം ലിറ്റർ കുപ്പിവെള്ളമാണ്. വേനലിന്റെ കാഠിന്യം കൂടിയതോടെ രാത്രി ഉൾപ്പെടെ കൂടുതൽ ഷിഫ്റ്റ് പ്രവർത്തിപ്പിച്ച് ഉത്പാദനം ഇരട്ടിയാക്കാനുള്ള നീക്കത്തിലാണ് കന്പനി. ജലവിഭവവകുപ്പിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചറർ ഡവലപ്മെന്റ് കോർപറേഷനാണ് ഹില്ലി അക്വാ കുപ്പിവെള്ളം നിർമിക്കുന്നത്.
സംസ്ഥാനത്ത് അരുവിക്കരയിലും മുട്ടം മലങ്കരയിലുമാണ് ഹില്ലി അക്വാ മിനറൽ വാട്ടർ ഫാക്ടറികൾ പ്രവർത്തിക്കുന്നത്. 2015-ലാണ് മലങ്കരയിൽ ഹില്ലി അക്വാ ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. മലങ്കര ജലാശയത്തിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് കന്പനിയുടെ പ്രവർത്തനം.
ജലാശയത്തിൽനിന്നു പന്പ് ചെയ്യുന്ന വെള്ളം അൾട്രാവയലറ്റ് ട്രീറ്റ്മെന്റ്, സാൻഡ് ഫിൽട്ടറൈസേഷൻ, കാർബൻ ഫിൽട്ടറൈസേഷൻ, മൈക്രോണ് ഫിൽട്ടറൈസേഷൻ, അൾട്രാ ഫിൽട്ടറൈസേഷൻ, ഓസോണൈസേഷൻ തുടങ്ങി ഒൻപതു ശുദ്ധീകരണ പ്രക്രിയകൾ പൂർത്തിയാക്കിയാണു ബോട്ടിലുകളിൽ നിറയ്ക്കുന്നത്. ഒരു ലിറ്റർ, രണ്ടു ലിറ്റർ, 500 മില്ലി ലിറ്റർ എന്നിങ്ങനെയാണ് ബോട്ടിലുകളുടെ അളവ്.
മറ്റു കന്പനികളുടെ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപ പ്രകാരം കടകളിൽ ഈടാക്കുന്പോൾ ഹില്ലി അക്വാ 15 രൂപയ്ക്ക് ലഭിക്കും. രണ്ടു ലിറ്റർ വെള്ളത്തിന് 25 രൂപയാണ് നിരക്ക്. എന്നാൽ, കന്പനി ഒൗട്ട്ലെറ്റിൽ ഒരു ലിറ്റർ വെള്ളം 10 രൂപയ്ക്ക് ലഭ്യമാകും. ഒരു കെയ്സിന് 120 രൂപയാണ് ഈടാക്കുന്നത്. 20 ബോട്ടിൽ അടങ്ങുന്ന അര ലിറ്ററിന്റെ ഒരു കെയ്സ് 130 രൂപയ്ക്കും ലഭിക്കും. മലങ്കരയിൽ സംസ്ഥാന പാതയോരത്തു സ്ഥിതിചെയ്യുന്ന ഒൗട്ട്ലെറ്റിൽനിന്നു വിനോ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വ്യാപകമായി കുപ്പിവെള്ളം വാങ്ങുന്നുണ്ട്.
വിലയിലെ കുറവും മികച്ച ഗുണമേന്മയുമാണ് ഹില്ലി അക്വാ കുപ്പിവെള്ളത്തിന്റെ പ്രത്യേകത. കടകളിലും സൂപ്പർമാർക്കറ്റുകളും കൂടാതെ ജയിലുകളിലും ഹില്ലി അക്വാ കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്.
സംസ്ഥാനത്തെ മൂന്നാമത്തെ ഫാക്ടറി കോഴിക്കോട് പെരുവണ്ണാമൂഴിയിൽ തുടങ്ങാനുള്ള അനുമതി ലഭ്യമായിട്ടുണ്ടെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കന്പനി സിഇഒ എസ്. തിലകൻ പറഞ്ഞു.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ചെയർമാൻ. ഫാക്ടറി മാനേജരായ ജൂബിൽ മാത്യുവാണ് മലങ്കരയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വേനലിൽ കുളിർമയായി സർക്കാരിന്റെ ഹില്ലി അക്വാ
10:53 PM Mar 28, 2023 | Deepika.com