പാറത്തോട്: പാറത്തോട് പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിൽ ഇനി രണ്ടു വനിതകൾ. വൈസ് പ്രസിഡന്റായി ജിജിമോൾ ഫിലിപ്പിനെ കൂടി തെരഞ്ഞെടുത്തതോടെയാണ് ഭരണ നേതൃത്വത്തിൽ രണ്ട് വനികൾ എത്തിയത്. സിപിഎമ്മിലെ സിന്ധുമോഹനൻ രാജി വച്ച ഒഴിവിലേയ്ക്കായിരുന്നു തെരഞ്ഞെടുപ്പ്.
സിപിഐയിലെ വിജയമ്മ വിജയലാലാണ് നിലവിൽ പഞ്ചായത്ത് പ്രസിഡന്റ്. പതിനേഴാം വാർഡ് ആനക്കല്ലിൽ നിന്നുള്ള അംഗമാണ് ജിജിമോൾ ഫിലിപ്പ്. വനിത കേരള കോൺഗ്രസ് - എം മണ്ഡലം സെക്രട്ടറി കൂടിയാണ്. ആദ്യമായി പഞ്ചായത്തംഗമായ ജിജിമോൾക്ക് ഒന്നേകാൽവർഷം വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കും. തുടർന്നുള്ള ഒന്നര വർഷം കേരള കോൺഗ്രസ് -എമ്മിലെ തന്നെ സോഫി ജോസഫിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാനാണ് ധാരണ. ഏകപക്ഷീയമായായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫ്, എസ്ഡിപിഐ അംഗങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കെടുത്തുവെങ്കിലും മത്സരിച്ചില്ല. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ വരണാധികാരിയായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന അനുമോദന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാജൻ കുന്നത്ത്, ജോളി മടുക്കക്കുഴി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
പാറത്തോട് പഞ്ചായത്ത്: ജിജിമോൾ ഫിലിപ്പ് വൈസ് പ്രസിഡന്റ്
10:49 PM Mar 28, 2023 | Deepika.com