നീലേശ്വരം: വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. നീലേശ്വരം അടുകം സര്‍ക്കാരി കോളനിയിലെ 35 വയസുകാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആംബുലന്‍സ് പൈലറ്റ് കെ.രാജേഷ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജോളി കെ.ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി. ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ജോളി കെ. ജോണ്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശുശ്രൂഷ നല്കി ആംബുലന്‍സിലേക്ക് മാറ്റി.
തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് രാജേഷ് ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയേയും കുഞ്ഞിനേയും രക്ഷിച്ചു
01:26 AM Mar 28, 2023 | Deepika.com