കൊച്ചി: ബ്രഹ്മപുരത്ത് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് മന്ത്രി വീണ ജോര്‍ജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐപി സൗകര്യം തുടരും. സ്പെഷാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും.
പള്‍മനോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങള്‍ കൃത്യമായ ദിവസങ്ങളില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം തുടരും. ആരോഗ്യ സര്‍വേ പൂര്‍ത്തിയാക്കി കൃത്യമായ വിശകലനം നടത്തും.
തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് നിലവിലെ ആരോഗ്യ സാഹചര്യം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലെ ക്രമീകരണം, മഴക്കാലപൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രതാ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എസ് ശ്രീദേവി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിഖിലേഷ് മേനോന്, എറണാകുളം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി
12:25 AM Mar 28, 2023 | Deepika.com