കൊച്ചി: അഴിമതി ഇല്ലാതാക്കുകയാണ് ഇത്തവണത്തെ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍. അതിന്റെ ഭാഗമായാണ് ചരിത്രത്തിലാധ്യമായി ഡിവിഷന് ഫണ്ട് ഒഴിവാക്കിയത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രഖ്യാപിത ലക്ഷ്യത്തില്‍ നടപ്പാക്കാനായാല്‍ ഒരുപരിധിവരെ അഴിമതി തടയാന്‍ കഴിയുമെന്നും മേയര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മാലിന്യവും മരാമത്തുമാണ് അഴിമതി വരാന്‍ സാധ്യതയുള്ള മേഖലകള്‍. മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കിയാല്‍ തന്നെ അഴിമതി ഇല്ലാതാകും. ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കുകയും അജൈവമാലിന്യങ്ങള്‍ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്താല്‍ ബ്രഹ്മപുരത്തേക്ക് എത്തുന്ന മാലിന്യം കുറയും. ശേഷിക്കുന്ന അജൈവമാലിന്യം ഹീല്‍ പദ്ധതിവഴി ഡിവിഷനില്‍ തന്നെ സംസ്കരിക്കാനായാല്‍ ഒട്ടും തന്നെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകേണ്ടിവരില്ല. ഇതുവഴി മാലിന്യ ലോറികള്‍ വാടകയ്ക്ക് എടുക്കുന്നത് ഒഴിവാക്കാനാകുമെന്നും ആ നിലയിലുള്ള അഴിമതി നടയാമെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക അടിത്തറയുള്ള ബജറ്റാണിത്. എല്ലാ മേഖലയിലും ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യവും ബജറ്റിലുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥിരം സംവിധാനത്തില്‍ എസ്പിവി രൂപീകരിച്ചാല്‍ ഇപ്പോഴുള്ള സാമ്പത്തിക ചെലവ് ഇല്ലാതാകും. ബ്രഹ്മപുരത്തെ അനാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നഗരസഭയുടെ ബാധ്യത കുറയും. തങ്ങളുടെ ആദ്യ ബജറ്റ് തങ്ങളുടെ മാനിഫെസ്റ്റോയായിരുന്നു. തനിക്കെതിരായ അവിശ്വസത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആര് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അവിശ്വസത്തോടെ അറിയാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു.
ബജറ്റ് അഴിമതി ഇല്ലാതാക്കും: മേയര്‍
12:25 AM Mar 28, 2023 | Deepika.com