വൈക്കം: ജി-20 ഉച്ചകോടി കുമരകത്തു നടക്കുന്നതുമായി ബന്ധപ്പെട്ട് തണ്ണീർമുക്കം-കുമരകം, വൈക്കം -വെച്ചൂർ റോഡുകൾ ഗതാഗത യോഗ്യമായതുപോലെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം കായലോര ബീച്ചിന്റെ വികസനത്തിനു സഹായകരമായി.
ഏഴേക്കറോളം വരുന്ന കായലോര ബീച്ചിന്റെ തെക്കുഭാഗം കുറ്റിച്ചെടികളും പുല്ലും വളർന്ന് സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറിയിരുന്നു. കാടുപിടിച്ച ഈ പ്രദേശം നഗരത്തിലെ വിവിധ സ്കൂൾ അധികൃതർക്കും പോലീസിനും നഗരസഭാധികൃതർക്കും ഉണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല. ചതുപ്പായിക്കിടന്ന ഈ ഭാഗം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് വേദി ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കാടുനീക്കി ദ്രുതഗതിയിലാണ് മണ്ണടിച്ച് നിരപ്പാക്കിയത്.
കായലോര ബീച്ചിലെ താഴ്ന്നപ്രദേശം മണ്ണിട്ടു നികത്താനായി നിരവധി ലോഡ് മണ്ണാണ് ഇറക്കിയത്. കാടുംപടലും നീക്കി മണ്ണിട്ടു ഉയർത്തിയതോടെ ഈ പ്രദേശമാകെ പ്രകാശമാനമായി.
വൈക്കം ഡിവൈഎസ്പി ഓഫീസിനു മുൻവശത്തും കായലോര ബീച്ചിന്റെ തെക്കുഭാഗത്തു മായി ബീച്ചിന്റെ പകുതിയിലധികം ഭാഗം നികത്തി കുറ്റമറ്റതാക്കുന്നതോടെ നഗരസഭയ്ക്കും അത് മുതൽക്കൂട്ടാകുമെന്ന് നഗരസഭ ചെയർ പേഴ്സൺ രാധിക ശ്യാം, വൈസ് ചെയർമാൻ പി.ടി സുഭാഷ് എന്നിവർ പറഞ്ഞു.
കായലോര ബീച്ചിലൂടെ വള്ളക്കടവ് വരെ നീളുന്ന റോഡിനും സത്യഗ്രഹ ശതാബ്ദിയാഘോഷത്താൽ ശാപമോക്ഷം ലഭിച്ചതായി വാർഡു കൗൺസിലർ ബിന്ദു ഷാജി പറഞ്ഞു.
മൂന്നു വർഷമായി മുടങ്ങിക്കിടന്ന റോഡ് ഉടൻ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാൻ സർക്കാർ നിർദേശം നൽകിയതോടെ റോഡിന്റെ ടാറിംഗ് ഇന്നലെ ആരംഭിച്ചു. മന്ത്രി വി.എൻ വാസവന്റെ മേൽനോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ.
പാലാ ആർഡിഒ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി നിർദേശങ്ങൾ നൽകി. സി.കെ. ആശ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ രാധികാ ശ്യാം, വൈസ് ചെയർമാൻ പി.ടി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി യത്നിക്കുന്നു.
ശില്പോദ്യാനത്തിന് മുന്പിലെ പായലും നീക്കി
വൈക്കം: വൈക്കം സത്യഗ്രഹസ്മൃതി ശില്പ ഉദ്യാനത്തിന് മുൻവശത്തായി കായലോരത്ത് തിങ്ങിയ പായലും മാലിന്യങ്ങളും നീക്കി. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് വൈക്കം സത്യഗ്രഹത്തിന്റെ സ്മൃതികൾ പേറുന്ന ശില്പങ്ങൾ അണിനിരന്ന ശില്പഉദ്യാനം ശുചീകരിച്ചത്. പോളപായൽ ചീഞ്ഞളിഞ്ഞ കായലോരം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പായലും തീരത്തടിഞ്ഞ ചെളിയും നീക്കിയതോടെ കായലോരത്തെ ദുർഗന്ധവും നീങ്ങി.
വൈക്കം കായലോര ബീച്ചിന് നേട്ടമായി വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷം
11:59 PM Mar 27, 2023 | Deepika.com