കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തകങ്ങള്‍, യൂണിഫോം എന്നിവയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് നടക്കും. പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം രാവിലെ 10നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹബ്ബില്‍ പാമ്പാടി, കൊഴുവനാല്‍ വിദ്യാഭ്യാസ ജില്ലകളിലേക്ക് വിതരണത്തിനായി പോകുന്ന വാഹനം ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന് പോള്‍ നിര്‍വഹിക്കും. യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് മുട്ടമ്പലം സര്‍ക്കാര്‍ യുപി സ്കൂളില്‍ കോട്ടയം ഈസ്റ്റ് എഇഒ ആര്. അജിത നിര്‍വഹിക്കും.
ജില്ലയിലെ പതിമൂന്ന് ഉപജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കൈത്തറി യൂണിഫോമിന്റെ വിതരണം നടക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് രണ്ട് ജോഡി യൂണിഫോം തുണി സൗജന്യമായി നല്‍കും. എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് യൂണിഫോം വാങ്ങാനായി പണം നല്‍കും. 1,47,730 മീറ്റര്‍ തുണിയാണ് ജില്ലയില്‍ വിതരണത്തിനായി വേണ്ടത്. ഇതില്‍ 89,115 മീറ്റര്‍ തുണി ആദ്യഘട്ടവിതരണത്തിന് എത്തിയിട്ടുണ്ട്. ഹാന്‍ടെക്സാണ് വിതരണത്തിനായി കൈത്തറി തുണികള്‍ എത്തിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് ജില്ലയില്‍ പാഠപുസ്തക വിതരണത്തിനുള്ള ഹബ്ബ്. സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യമായി നല്കാന് 11,58,019 പുസ്തകങ്ങളാണ് വേണ്ടത്. ഇതില്‍ 4,92,630 പുസ്തകങ്ങള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. പാലാ, കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ എത്തിച്ചുകഴിഞ്ഞു.
യൂണിഫോം, പാഠപുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം ഇന്ന്
11:33 PM Mar 27, 2023 | Deepika.com