ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണം വർധിച്ചുതുടങ്ങി. നീണ്ട ഒരു ഇടവേളയ്ക്കുശേഷമാണ് രോഗികൾ ചികിത്സ തേടിയെത്തുന്നത്.
കഴിഞ്ഞ ദിവസംവരെ നാല് കോവിഡ് രോഗികളാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഇന്നലെ രോഗികളുടെ എണ്ണം ഏഴായി വർധിച്ചു. ഏഴ് കോവിഡ് രോഗികളിൽ നാലുപേർ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുകളിൽ കോവിഡ് വാർഡിലും മൂന്നു പേർ ഗൈനക്കോളജി വിഭാഗത്തിലുമാണു ചികിത്സയിൽ കഴിയുന്നത്.
കോവിഡ് വ്യാപനം കൂടി വരുന്നതിന്റെ ലക്ഷണമാണ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്കു മുമ്പ് നടത്തുന്ന പരിശോധനയിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് രോഗികൾ വർധിക്കുന്നതിനാൽ മാസ്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
കോവിഡ് രോഗികൾ കൂടുന്നു
11:32 PM Mar 27, 2023 | Deepika.com