കാസര്‍ഗോഡ്: ഒരാഴ്ച മുമ്പ് കാണാതായ അധ്യാപകനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്കൂളിലെ അധ്യാപകനും മട്ടന്നൂര്‍ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി.പ്രദീപ് കുമാര്‍ (51) ആണ് മരിച്ചത്.
കെപിഎസ്ടിഎ നേതാവായിരുന്ന പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്. ഈ മാസം 22നു രാവിലെ 11 മുതല്‍ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതോടെയാണ് കാസര്‍ഗോഡ് അശ്വിനി നഗറിലെ മല്യ സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
എസ്ഐ കെ.വി.ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റിന് ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കാണാതായ പ്രദീപാണ് മരിച്ചതെന്ന് വ്യക്തമായത്. ഭാര്യ: രമ്യ കരിവെള്ളൂര്‍ (അധ്യാപിക). മകള്‍: ദേവനന്ദ. പരേതനായ അമ്പു നായര്‍- സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സന്തോഷ്, ഷീല, ശാന്ത.
കാണാതായ അധ്യാപകന് കിണറ്റില്‍ മരിച്ചനിലയില്‍
10:43 PM Mar 27, 2023 | Deepika.com