മയ്യിൽ: മയ്യിൽ ഉൾപ്പെടെ തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ പരിധിയിലെ അഞ്ച് പ്രദേശങ്ങളിൽ തീപിടിത്തം. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കൂത്താട്, വെള്ളിക്കീൽ റോഡ് ജംഗ്ഷൻ, കുറുമാത്തൂർ പഞ്ചായത്തിലെ വേളിപ്പാറ, നെടുമുണ്ട, മയ്യിൽ ഗോപാലൻപീടിക എന്നിവിടങ്ങളിലാണു തീപിടിത്തം ഉണ്ടായത്.
പട്ടുവം ഗവ. ഹയർ സെക്കഡറി സ്കൂളിനു സമീപം കൂത്താട് റോഡിലെ മൂന്ന് ഏക്കർ സ്ഥലത്തെ കശുമാവിൻ തോട്ടത്തിലും വെള്ളിക്കീൽ റോഡ് ജംഗ്ഷനിലെ ലൂർദ് നഴ്സിംഗ് കോളജ് കോമ്പൗണ്ടിലെ അരയേക്കർ സ്ഥലത്തും തീപിടിച്ചു. കുറുമാത്തൂർ പഞ്ചായത്തിലെ വേളിപ്പാറയിലെ അരയേക്കർ സ്ഥലത്തെ കാടിനും പുല്ലിനും നെടുമുണ്ട തുമ്പശേരി എസ്റ്റേറ്റിലെ ഒരേക്കർ റബർ തോട്ടത്തിലെ അടിക്കാടിനുമാണു തീപിടിത്തമുണ്ടായത്. മയ്യിൽ ഗോപാലൻ പീടികയിലെ നങ്കലത്ത് ഹംസയുടെ ഒരേക്കർ സ്ഥലത്തെ കശുമാവിൻ തോട്ടത്തിന് തീപിടിച്ചു. തളിപ്പറമ്പ് ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.വി. ബാലചന്ദ്രൻ, കെ.വി. രാജീവൻ, സേനാംഗങ്ങളായ ടി.വി. രജീഷ് കുമാർ, ശ്രീകാന്ത് പവിത്രൻ, അവിനേഷ്, ചന്ദ്രൻ തുടങ്ങിയവരാണു നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്.
അഞ്ചിടങ്ങളിൽ തീപിടിത്തം
01:25 AM Mar 27, 2023 | Deepika.com