ആലുവ: സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന കെ - ഫോൺ പദ്ധതിക്ക് ആലുവയിൽ തുടക്കമായി. ആലുവ നഗരസഭയിലെ മാധവപുരം കോളനി മേഖലയിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുന്നത്. ഇതിനായി 15 കുടുംബങ്ങളുടെ പട്ടിക നഗരസഭ പുറത്തിറക്കി. രണ്ടാമത്തെ പട്ടിക ഈ ആഴ്ച തയാറാക്കും.
സംസ്ഥാനത്ത് കേരള വിഷനാണ് കണക്ഷൻ നൽകേണ്ട ചുമതല നൽകിയിരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റുകൾ വഴി കണക്ഷൻ നൽകുന്നത് പുരോഗമിക്കുകയാണെന്നും 15 കുടുംബങ്ങൾക്കും കണക്ഷൻ നൽകിക്കഴിഞ്ഞാൽ കെ- ഫോൺ ചാർജ് ചെയ്യുമെന്നും കേരള വിഷൻ ആലുവ മേഖല വിതരണക്കാരൻ പ്രദീപ് അറിയിച്ചു. നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടുന്ന പട്ടികവർഗ കുടുംബങ്ങൾക്കാണ് ആദ്യം പരിഗണന നൽകുക. അതിനു ശേഷം പട്ടികജാതി, ഭിന്നശേഷിക്കാരുടെ അപേക്ഷകൾ, ബിപിഎൽ കുടുംബങ്ങൾ എന്നിങ്ങനെയാണ് മുൻഗണനാക്രമം.
ഒരു കണക്ഷന് മാസം 124 രൂപയാണ് കേരള വിഷന് സർക്കാർ നൽകുന്നത്. ഓരോ നിയമസഭ മണ്ഡലത്തിലും 100 വീതം കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുന്നത്.
എംഎൽഎ നിർദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാണ് കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്.
ആലുവയിൽ തുടക്കമായി; ആദ്യഘട്ടത്തിൽ 15 കുടുംബങ്ങൾക്ക്
12:53 AM Mar 27, 2023 | Deepika.com