കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ സിഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. നടപടിക്ക് സര്‍ക്കാര്‍ തയാറാകാത്ത പക്ഷം കൊച്ചി വീണ്ടുമൊരു സമരത്തിന് വേദിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഹില്‍പാലസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണ്. സിപിഎമ്മിന്റെ സംരക്ഷണയിലാണ് തൃപ്പൂണിത്തുറ സിഐ. ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നേരിട്ട് പരാതി നല്‍കിയിട്ടും ഒരുനടപടിയും സ്വീകരിച്ചില്ലെന്നും സതീശന് പറഞ്ഞു. കേരളത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദനം നടക്കുന്ന പോലീസ് സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്.
നേരത്തെ സിഐയുടെ മുന്നില്‍ നിന്നു പോക്കറ്റില്‍ കൈ ഇട്ടതിന്റെ പേരില്‍ പതിനെട്ടുകാരന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നിരുന്നു. ഈ സംഭവത്തില്‍ താന്‍ നേരിട്ട് വിളിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് പരാതിപ്പെട്ടിരുന്നു. ഒരു അന്വേഷണവുംനടന്നില്ല.
സേറ്റഷനിലെത്തുന്ന വാദിയെയും പ്രതിയെയും സിഐ തല്ലും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോലീസ് ഇത്രമാത്രം കുഴപ്പമുണ്ടാക്കിയ കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും സതീശന് പറഞ്ഞു.
കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.ഡി. സതീശന്
12:50 AM Mar 27, 2023 | Deepika.com