ബൈക്കിലെത്തിയവർ സ്വർണമാല പൊട്ടിച്ചു കടന്നു
12:47 AM Mar 27, 2023 | Deepika.com
ഇലഞ്ഞി: ബൈക്കിലെത്തിയവർ റിട്ട. അധ്യാപികയുടെ സ്വർണമാല കവർന്നു. ഇന്നലെ രാവിലേ എട്ടോടെയായിരുന്നു സംഭവം. മുത്തോലപുരം പറുദീസാ ജംഗ്ഷനിനു സമീപമുള്ള വീട്ടിൽ മുറ്റമടിച്ചു കൊണ്ടിരുന്ന റിട്ട. അധ്യാപിക ആൻനിവാസിൽ സാലിക്കുട്ടിയുടെ (65) മാലയാണ് പൊട്ടിച്ചുകൊണ്ട് പോയത്. രണ്ട് പേർ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സാലിക്കുട്ടിയോട് സംസാരിക്കുന്നതിനിടെ പിന്നിൽ നിന്നയാൾ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയും തുടർന്ന് അതിവേഗത്തിൽ ബൈക്ക് പെരുവ റോഡിലൂടെ ഓടിച്ചുപോവുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.