പിറവം: ബസേലിയോസ് പൗലോസ് സെക്കൻഡ് കാതോലിക്കോസ് കോളജിന്റെ രജതജൂബിലി ആഘോഷ പരിപാടികൾ നാളെ നടക്കും. കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടിന് നടക്കുന്ന പരിപാടികൾ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മഹാ പാരോഹിത്യ സുവർണജൂബിലി നിറവിലെത്തിയിരിക്കുന്ന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ മന്ത്രി ആദരിക്കും. തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.
മലങ്കര യാക്കോബായ സിറിയൻ ക്രിസ്ത്യൻ എഡ്യുക്കേഷൻ ട്രസ്റ്റ് മാനേജർ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയി രജതജൂബിലി സ്മരണിക പ്രകാശനം ചെയ്യും. എംഎൽഎമാരടക്കമുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി റാങ്കുകൾ ഉൾപ്പെടെ മികച്ച വിജയം കൈവരിച്ച കോളജിലെ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.
1995 ഡിസംബർ ഒന്നിനാണ് ബസേലിയോസ് പൗലോസ് സെക്കൻഡ് കാതോലിക്കോസ് കോളജ് ആരംഭിക്കുന്നത്. ബിബിഎ, ബിസിഎ, ബിഎസ്സി ഇലക്ട്രോണിക്സ്, ബിഎ ഇംഗ്ലീഷ് വിത്ത് ജേണലിസം ബി.കോം, എംസിഎം എന്നീ എയിഡഡ് കോഴ്സുകളിലും സ്വാശ്രയ മേഖലയിലുള്ള എംഎസ്സി കംപ്യൂട്ടർ കോഴ്സിലുമായി 800 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
പിറവം ബിപിസി കോളജ് രജതജൂബിലിയാഘോഷം നാളെ
12:47 AM Mar 27, 2023 | Deepika.com