കുറവിലങ്ങാട്: ബൈബിള്‍ പാരായണത്തില്‍ പുതുചരിത്രമെഴുതി കുറവിലങ്ങാട്. കുറവിലങ്ങാട് ഇടവകയാണ് കുടുംബങ്ങളുടെ കരുത്തില്‍ 10 മിനിറ്റിനുള്ളില്‍ ബൈബിള്‍ പൂര്‍ണമായി വായിച്ച് ചരിത്രമെഴുതിയത്. ഇടവക നവീകരണവര്ഷത്തിന്റെ ഭാഗമായാണ് സമ്പൂര്‍ണ ബൈബിള്‍ പാരായണം നടത്തിയത്.
ഇടവകയിലെ മൂവായിരത്തിലേറെ വരുന്ന കുടുംബങ്ങളില്‍നിന്ന് 1,339 കുടുംബങ്ങളെ തെരഞ്ഞെടുത്ത് ഓരോ അധ്യായങ്ങള്‍ പാരായണത്തിനായി ചുമതലപ്പെടുത്തുകയായിരുന്നു. ഇടവകയൊന്നാകെ ഒരേസമയത്താണ് ബൈബിള്‍ പാരായണം നടത്തിയതെന്നതും പ്രത്യേകതയാണ്.
എല്ലാകുടുംബങ്ങളും രാത്രി ഒന്‍പതിനാണ് ബൈബിള്‍ പാരായണം നടത്തിയത്. പ്രത്യേക ചുമതല ലഭിക്കാതിരുന്ന കുടുംബങ്ങള്‍ പ്രാര്‍ഥനപൂര്‍വം പാരായണയജ്ഞത്തില്‍ പങ്കുചേര്‍ന്നു.
പാരായണം നടത്തിയ അധ്യായം പകര്‍ത്തിയെഴുതി കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കാനും തീരുമാനമുണ്ട്. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, അസിസ്റ്റന്റ് വികാരിമാര്‍, യോഗപ്രതിനിധികള്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍ എന്നിവരുള്‍ക്കൊള്ളുന്ന ഇടവകനവീകരണവര്ഷാചരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബൈബിള്‍ പാരായണത്തിനടക്കമുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
നവീകരണവര്ഷാചരണത്തിന്റെ ഭാഗമായി ജനുവരി ഒന്നുമുതല്‍ ഇടവകയിലെ കുടുംബങ്ങള്‍ രാപകല്‍ഭേദമില്ലാതെ അഖണ്ഡജപമാലയര്പ്പണവും നടത്തുന്നുണ്ട്. 81 കൂട്ടായ്മകളിലുള്ള നാലുസോണുകളിലെ കുടുംബങ്ങള്‍ക്ക് ഒരുവട്ടം അവസരം സമ്മാനിച്ചുകഴിഞ്ഞു. നവീകരണവര്ഷത്തിന്റെ ഭാഗമായി വിവിധ തീര്‍ഥാടനങ്ങളും ഇടവകയില്‍ നടക്കുന്നുണ്ട്.
ബൈബിള്‍ പാരായണത്തില്‍ പുതുചരിത്രമെഴുതി കുറവിലങ്ങാട് ഇടവക
12:16 AM Mar 27, 2023 | Deepika.com