കടുത്തുരുത്തി: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം കോട്ടയം ജില്ലാതല പുരസ്കാരം മാഞ്ഞൂര്‍ പഞ്ചായത്തിന്. ജില്ലയില്‍ ഒന്നാം സ്ഥാനമാണ് മാഞ്ഞൂര്‍ പഞ്ചായത്തിന് ലഭിച്ചത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയാണ് മാഞ്ഞൂര്‍ ജില്ലയില്‍ ഒന്നാം സമ്മാനനര്ഹമായത്. 2021 - 22 വര്‍ഷം 67,38,607 രൂപ ശുചിത്വ മേഖലയിലും 26,17,625രൂപ ആരോഗ്യ മേഖലയ്ക്കും പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
പഞ്ചായത്തിലെ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ ഇടം നേടുകയും സംസ്ഥാന സര്‍ക്കാരിന്റെ കേരള അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ഹോസ്പിറ്റല്‍ സര്‍ട്ടിഫിക്കറ്റും അവാര്‍ഡും ലഭിച്ചതിന് പിന്നാലെ പഞ്ചായത്തിന് ആര്‍ദ്രകേരള പുരസ്കാരവും ലഭിച്ചത് വന്‍നേട്ടമായി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്പ, മറ്റു ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ജനകീയ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
ആര്‍ദ്രകേരളം കോട്ടയം ജില്ലാതല പുരസ്കാരം മാഞ്ഞൂര്‍ പഞ്ചായത്തിന്
12:16 AM Mar 27, 2023 | Deepika.com