പാമ്പാടി: പഞ്ചായത്ത് 2023-24 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി. ഹരികുമാർ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷയായി. ഉത്പാദന, സേവന, പശ്ചാത്തല, മേഖലകളിലെ അനിവാര്യമായ വികസന പ്രവർത്തനങ്ങളിൽ ഊന്നൽ നൽകി 28 കോടി 74 ലക്ഷം രൂപ വരവും 27 കോടി 43 ലക്ഷം രൂപ ചെലവും ഒരു കോടി 30 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസാക്കിയത്.
പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം പഴയ മത്സ്യ മാർക്കറ്റ് രാവും പകലും പ്രവർത്തിക്കുന്ന രീതിയിൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക. കാർഷിക വിപണ കേന്ദ്രത്തിന്റെ പൂർത്തീകരിക്കുവാനുള്ള പണികൾ തീർക്കുക, മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണികൾ നടത്തുക കമ്യൂണിറ്റി ഹാൾ നവീകരണം തുടങ്ങിയ പദ്ധതിയിൽ ഉൾപ്പെടുത്തി. കാർഷിക മേഖലയിൽ നൂതന കൃഷിരീതികൾ ആവിഷ്കരിക്കുക, സേവന മേഖലയിൽ വയോജനങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, ഭിന്നശേഷിക്കാർ, ഭവന നിർമാണം, അങ്കണവാടികളുടെ പുനർനിർമാണം ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.
പശ്ചാത്തല മേഖലയിൽ റോഡുകളുടെ വികസനം, കെ.കെ. റോഡ് സൗന്ദര്യവത്കരണം, ദുരന്തനിവാരണത്തിനായി തോടുകളുടെ ആഴം കൂട്ടൽ തോടുകളിലെ മാലിന്യങ്ങൾ നിർമാർജനം തുടങ്ങിയവയും വിഭാവനം ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ മാലിന്യം വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി വേസ്റ്റുകൾ നിക്ഷേപിക്കുവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സിസി ടിവി കാമറകൾ സ്ഥാപിക്കാനും ബജറ്റിൽ തുക വകയിരുത്തി.
പാന്പാടി പഞ്ചായത്തിൽ 28 കോടിയുടെ ബജറ്റ്
12:14 AM Mar 27, 2023 | Deepika.com