ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രോപദേശക സമിതി തെരഞ്ഞെടുപ്പ് നടന്നു. 13 അംഗ സമിതിയെയും അവരിൽനിന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു.
പ്രഫ. സി.എൻ. ശങ്കരൻനായരാണ് പ്രസിഡന്റ്. സെക്രട്ടറിയായി സോമൻ ഗംഗാധരനും വൈസ് പ്രസിഡന്റായി എം. സജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിനായി രൂപീകരിച്ച 686 അംഗ രജിസ്റ്റേർഡ് മണ്ഡലത്തിലെ 413 പേർ തെരഞ്ഞെടുപ്പ് യോഗത്തിൽ സംബന്ധിച്ചു.
ഇവരിൽനിന്നു തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സന്നദ്ധതയറിയിച്ച 361 പേരുടെ പേരുകൾ നറുക്കിട്ടാണ് 13 പേരെ തെരഞ്ഞെടുത്തത്. കൊടിമരച്ചുവട്ടിൽ നടന്ന നറുക്കെടുപ്പിൽ ഏഴു വയസുകാരൻ സുദേവ് എസ്. നായരാണ് നറുക്കെടുത്തത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട 13 പേരുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ദേവസ്വം ബോർഡിന്റെ ഹൈക്കോടതി സ്റ്റാൻഡിംഗ് കോൺസൽ അഡ്വ. ജയകുമാറിന്റെ നിരീക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ആർ. വിശ്വനാഥ്, വി.ജി. നന്ദകുമാർ, ശശിധരൻ നായർ, സോമൻ ഗംഗാധരൻ, സജയകുമാർ, വിശാഖ് എം, സി.പി. പ്രകാശ്, കെ.പി. ബിനു, പി.എം. സോമനാഥൻ നായർ, പ്രഫ. സി.എൻ. ശങ്കരൻ നായർ, എം. വിജയകുമാർ, ടി.കെ. ദിലീപ്, വി.എൻ.സോമൻ എന്നിവരാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽനിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ എം.ജി. മധു അധ്യക്ഷത വഹിച്ചു. ദേവസ്വം വിജിലൻസ് ഓഫീസർ ഗോപകുമാർ, അസിസ്റ്റന്റ് കമ്മീഷണർ എസ്. കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. ജ്യോതി എന്നിവർ നേതൃത്വം നൽകി.
ഏറ്റുമാനൂർ ക്ഷേത്രോപദേശക സമിതിയെ തെരഞ്ഞെടുത്തു
12:14 AM Mar 27, 2023 | Deepika.com