പനമറ്റം: എലിക്കുളം കൃഷിഭവൻ മന്ദിരത്തോട് ചേർന്നു നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും.
ജനകീയാസൂത്രണപദ്ധതിയിൽ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിനു പുതിയ മന്ദിരം നിർമിച്ചത്. ആധുനികരീതിയിൽ കാബിനുകൾ ഇതിനുള്ളിൽ സജ്ജീകരിച്ചു. കർഷകർക്കു വിശ്രമസ്ഥലം, പഠനപരിപാടികൾ, യോഗങ്ങൾ എന്നിവ നടത്തുന്നതിനും സ്ഥലമൊരുക്കി. നടീൽവസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഗ്രീൻഹൗസും നിർമിച്ചു. പഞ്ചായത്ത് ഓഫീസിൽനിന്ന് രണ്ടുകിലോമീറ്റർ അകലെ പനമറ്റത്തുള്ള കൃഷിഭവനിൽ എല്ലാ കാര്യങ്ങൾക്കും എത്തുന്നതിന് കർഷകർക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പഞ്ചായത്ത് ഓഫീസിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും. സെന്ററിന്റെ ഉദ്ഘാടനവും നടത്തും. അസിസ്റ്റന്റ് കൃഷിഓഫീസർമാരുടെ സേവനം ഇവിടെ ലഭിക്കും.
നിലവിൽ കൃഷിഭവനിൽ എത്തി മടങ്ങണമെങ്കിൽ കർഷകർക്ക് 120 രൂപയോളം ഓട്ടോക്കൂലി മുടക്കേണ്ടിവരുന്നതു പരിഗണിച്ചാണ് പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്.
കൃഷിഭവൻ മന്ദിരം ഉദ്ഘാടനം നാളെ
10:28 PM Mar 26, 2023 | Deepika.com