ആലപ്പുഴ: തീർഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വലിയനോമ്പ് തീർഥാടനത്തോടനുബന്ധിച്ച് ഇന്നലെ പരിഹാര പ്രദക്ഷിണം നടന്നു. പാതിരാപ്പളളി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വൈകുന്നേരം 3.30ന് ദിവ്യബലി. തുടർന്ന് പൂങ്കാവ് പള്ളിയിലേക്ക് കാൽനടയായി മരക്കുരിശുകളും പിടിച്ചുകൊണ്ട് പരിഹാര പ്രദക്ഷിണവും നടന്നു. റവ. ഡോ. ജോസി കണ്ടനാട്ടുതറ, ഫാ. സേവ്യർ ജിബിൻ കരിമ്പുറത്ത്, ഫാ. ബെനസ്റ്റ് ജോസഫ് ചക്കാലയ്ക്കൽ എന്നിവർ നേതൃത്വം നൽകി. കുരിശിന്റെ വഴി പള്ളിയിൽ എത്തിയശേഷം ഫാ. ലോറൻസ് പൊള്ളയിൽ വചനസന്ദേശം നൽകി.
വലിയനോമ്പ് ദിവസങ്ങളിൽ രാവിലെ 6ന് ദിവ്യബലി, കുരിശിന്റെ വഴി, ഏഴിന് ദിവ്യബലി, വൈകുന്നേരം 6.30ന് ദിവ്യബലി തുടർന്ന് ഗ്രോട്ടോയിൽ കുരിശിന്റെ വഴി. എല്ലാദിവസവും കർത്താവിന്റെ അദ്ഭുത പീഡാനുഭവ തിരുസ്വരൂപം ദർശിക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും കല്ലറ ദേവാലയത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വികാരി റവ.ഡോ. ജോസി കണ്ടനാട്ടുതറ അറിയിച്ചു.
പൂങ്കാവ് പള്ളിയിലേക്ക് വലിയനോമ്പ് തീർഥാടന കുരിശിന്റെ വഴി
10:26 PM Mar 26, 2023 | Deepika.com