കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്ത്തിപ്പിക്കാത്തതിനെതിരായ സമരപരമ്പരകള്‍ ഇനി അവസാനിപ്പിക്കാം. ഒരു വര്‍ഷത്തോളമായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജിലെപ്പോലെ ഇവിടെയും ഒപി വിഭാഗം പ്രവര്‍ത്തനം തുടങ്ങുകയാണ്. ഒപി വിഭാഗം മാത്രം പ്രവര്‍ത്തിച്ചാല്‍ ആശുപത്രിയായി എന്നാണല്ലോ കാസര്‍ഗോഡിനുവേണ്ടി അധികാരികള്‍ സൃഷ്ടിച്ച നിയമം !
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഏറ്റവുമൊടുവില്‍ ജില്ലയിലെത്തിയപ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാര്‍ച്ച് മാസത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ നേരത്തേ രണ്ടുതവണ വെറുതെയായതാണ്. ഇത്തവണയും വെറുതേ ആളുകളെക്കൊണ്ട് പറയിക്കേണ്ടെന്നു കരുതിയാണ് 31-ാം തീയതി ഒപി വിഭാഗം മാത്രമായെങ്കിലും പ്രവര്‍ത്തനം തുടങ്ങുന്നത്.
2021 ഫെബ്രുവരി എട്ടിന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രസവശുശ്രൂഷ, കുട്ടികളുടെ വിഭാഗം എന്നിങ്ങനെ രണ്ട് ഒപി വിഭാഗങ്ങളാണ് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കുക. പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റ ആശുപത്രിയില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നുമായി ജോലി ക്രമീകരണത്തിലൂടെ ഇവിടേക്ക് ഡോക്ടര്‍മാരെ നിയോഗിക്കും. ടാറ്റാ ആശുപത്രിയില്‍നിന്ന് അഞ്ച് ഹെഡ് നഴ്സുമാരെയും ഒരു നഴ്സിനെയും പുതുതായി ഇവിടെ ഇവിടെ നിയമിച്ചിട്ടുണ്ട്. നാല് നഴ്സുമാരും ഒമ്പത് അറ്റന്‍ഡര്‍മാരും രണ്ടു വീതം ക്ലാര്‍ക്കുമാരും ലാബ് ടെക്നീഷന്മാരും നേരത്തേയുണ്ട്.
ആശുപത്രിയുടെ ഭരണച്ചുമതല കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിരുന്നു. വാര്‍ഡുകളുടെയും പ്രസവമുറി, അത്യാഹിത വിഭാഗം, ശസ്ത്രക്രിയാമുറി എന്നിവയുടെയും സജ്ജീകരണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. പേരിനെങ്കിലും ആശുപത്രി തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഘട്ടംഘട്ടമായി ഇവയും പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ ഒരു വര്‍ഷത്തോളമായി ഒപിയിലൊതുങ്ങുന്ന മെഡിക്കല്‍ കോളജിന്റെ അവസ്ഥ ഇവിടെയും വരുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. വലിയ ആശുപത്രി കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി അവയെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെപ്പോലെ ഒപിയിലൊതുക്കുന്ന അവസ്ഥ കാസര്‍ഗോട്ട് മാത്രമേ ഉണ്ടാകൂ എന്ന് അവര്‍ പറയുന്നു.
എല്ലാവരും സമാധാനിപ്പിന്‍; ദേ ഇവിടെയും ഒപി തുടങ്ങുന്നു
07:06 AM Mar 26, 2023 | Deepika.com