കണ്ണൂർ: കഠിനമായ പഠന രീതികളെ ലളിതമാക്കുന്ന മാര്‍ഗങ്ങള്‍...അറിവ് തേടി ക്ലാസ് മുറിക്ക് പുറത്തേക്കുള്ള സഞ്ചാരം...കളിച്ചും രസിച്ചുമുള്ള പഠന രീതി...ഇങ്ങനെ അക്കാദമിക് മികവിന്റെ പുതു തലങ്ങള്‍ തുറക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല മികവുത്സവം.
പൊതു വിദ്യാലയങ്ങളിലെ അക്കാദമിക് മികവുകള്‍ കണ്ടെത്താനും അംഗീകാരം നല്‍കാനുമാണ് ജില്ലയിലെ പ്രൈമറി, ഹൈസ്കൂള്‍ എന്നിവയെ പങ്കെടുപ്പിച്ച് മികവുത്സവം 2023 നടത്തിയത്. സബ് ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 15 പ്രൈമറി സ്കൂളുകളും മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ആറ് ഹൈസ്കൂളുകളും കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന ജില്ലാതല റിപ്പോര്‍ട്ടിംഗില്‍ പങ്കെടുത്തു.
പ്രൈമറി തലത്തില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്കും ഹൈസ്കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുമാണ് സമ്മാനം നല്‍കുക. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ഡിഡിഇ വി.എ. ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. എസ്എസ്കെഡിപിസി ഇ.സി.വിനോദ്, കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ.പി. പ്രദീപ് കുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ പി.വി. പ്രദീപന്, ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമജന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. കെ.പി.രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഠിനമല്ല പഠനം, അറിവരങ്ങായി ‘മികവുത്സവം'
06:58 AM Mar 26, 2023 | Deepika.com